ഒമാന്‍ ഉള്‍ക്കടലില്‍ ഇസ്രായേലിന്റെ വാഹന വാഹിനി കപ്പലില്‍ ഉഗ്ര സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

by International | 27-02-2021 | 1123 views

ദുബായ്: ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ വാഹന വാഹിനി കപ്പലില്‍ ഉഗ്ര സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ബഹമാസ് പതാക വഹിച്ച എം.വി ഹെലിയോസ് റേ എന്ന കപ്പലിലാണ് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് ഇന്നലെ സ്‌ഫോടനമുണ്ടായതെന്ന് സമുദ്ര സുരക്ഷാ സ്ഥാപനമായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിനെ (യുകെഎംടിഒ) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന കാരണം വ്യക്തമല്ല.

കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അന്വേഷണം തുടരുകയാണെന്നും യുകെഎംടിഒ പ്രസ്താവനയില്‍ പറഞ്ഞു. പ്രദേശത്തെ കപ്പലുകള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഐല്‍ ഓഫ് മാനില്‍ രജിസ്റ്റര്‍ ചെയ്ത ഇസ്രായേലി കമ്പനിയായ ഹെലിയോസ് റേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വാഹന വാഹിനിയാണ് എംവി ഹെലിയോസ് റേയെന്ന് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ഡ്രൈഡ് ഗ്ലോബല്‍ പറഞ്ഞു. സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.

ഗള്‍ഫില്‍ ഒരു ഇസ്രായേല്‍ കപ്പല്‍ തകര്‍ന്നതായി ഒരു വിവരവുമില്ലെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം വക്താവ് പറഞ്ഞു. യുഎസ് നാവികസേനയുടെ ബഹ്‌റൈന്‍ ആസ്ഥാനമായുള്ള അഞ്ചാം കപ്പല്‍പട സംഭവത്തെക്കുറിച്ച് ബോധവാന്മാരാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.

Lets socialize : Share via Whatsapp