ഫെബ്രുവരി 14 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ഉത്തരവിട്ട് ഷാര്‍ജ

by Sharjah | 10-02-2021 | 1214 views

ഷാര്‍ജ: കോവിഡ് വ്യാപനം മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ഉത്തരവിട്ട് ഷാര്‍ജ. ഫെബ്രുവരി 14 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്നും ജോലി ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിനാല്‍ ഷാര്‍ജ മാനവ വിഭവശേഷി വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഒരു സര്‍കുലര്‍ ഇറക്കിയിട്ടുണ്ട്, ഇതില്‍ പറഞ്ഞിരുന്ന എല്ലാ തീരുമാനങ്ങളും എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എത്രശതമാനം പേരെയാണ് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. അതേസമയം ജോലിസ്ഥലത്ത് നിര്‍ബന്ധമായും ചെല്ലേണ്ടതുണ്ടെങ്കില്‍ അത്തരം ജീവനക്കാര്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ ജീവനക്കാര്‍ക്ക് 'ഉയര്‍ന്ന തോതിലുള്ള കോവിഡ് സുരക്ഷ' ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ഉദ്യോഗസ്ഥനും കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിച്ച്‌ ഇരിക്കണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാനവ വിഭവശേഷി വകുപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ എല്ലാ കോവിഡ് സുരക്ഷാ നടപടികളും  പാലിക്കണമെന്ന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാനുമായ ഡോ. താരിഖ് സുല്‍ത്താന്‍ ബിന്‍ ഖാദിം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

Lets socialize : Share via Whatsapp