വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ ഏജന്‍സികളും ഈ വര്‍ഷം യു.എ.ഇ അടച്ചു പൂട്ടും

by Abudhabi | 21-01-2021 | 2067 views

അബുദാബി: വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും 2021 മാര്‍ച്ചോടെ യു.എ.ഇ അടച്ചുപൂട്ടും. വിദേശ തൊഴിലാളികളെ ടൂറിസ്റ്റ് വിസയില്‍ അനധികൃതമായി രാജ്യത്തേക്ക് എത്തിച്ച 250 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. 

വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് ഏജന്‍സികള്‍ അടച്ചുപൂട്ടിയത്. പത്ത് ഏജന്‍സികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സര്‍ക്കാറിന് കീഴിലുള്ള 54 തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ മാര്‍ച്ച് മാസം മുതല്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ കഴിയൂ. 

മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി തങ്ങള്‍ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് മാനവവിഭവശേഷി, എമിറൈസേഷന്‍ മന്ത്രി നാസര്‍ അല്‍ ഹംലി പറഞ്ഞു. 

2011 ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം യു.എ.ഇ ജനസംഖ്യയുടെ 88.5 ശതമാനത്തിലുമധികം വിദേശ പൗരന്മാരാണ്. പരിഷ്‌കാര നടപടികള്‍ക്കിടയിലും നിരവധി കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതായും മറ്റ് പീഡനങ്ങള്‍ നേരിടുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2018 ല്‍ കണ്ടെത്തിയിരുന്നു.

Lets socialize : Share via Whatsapp