ലണ്ടൻ ടാക്സികൾ ഇനി ദുബൈയിലും

by General | 17-01-2021 | 2001 views

ദുബൈ: ലോകമെങ്ങുമുള്ള വാഹനപ്രേമികളുടെ ഹരമായ ലണ്ടൻ ടാക്സികൾ ഇനി ദുബൈയിലെ നിരത്തുകളിലും. ജനപ്രീതിയാർജ്ജിച്ച ലണ്ടൻ ബ്ലാക്ക് കാബ് എന്നറിയപ്പെടുന്ന അത്യാഡംബര കാറുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ദുബൈ നിരത്തിലിറക്കുക. ഫെബ്രുവരിയോടെ ലണ്ടൻ ടാക്സികൾ ദുബൈ നിരത്തുകളിൽ ഓടിത്തുടങ്ങും.

ലണ്ടനിൽ ഓടുന്ന ടാക്സിയുടെ മാതൃകയിൽ പകുതി വളഞ്ഞ ആകൃതിയിലും കറുത്ത നിറത്തിലുമുള്ള കാറുകളാണ് അടുത്ത മാസം പുറത്തിറക്കുക. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ഡയറക്ടർ ജനറലും ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ മുഹമ്മദ് അൽ തായറാണ് ഇക്കാര്യം അറിയിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലായിരിക്കും ദുബൈ ടാക്സി കോർപറേഷന്റെ നേതൃത്വത്തിൽ ആദ്യ സേവനം ആരംഭിക്കുക. ദുബൈയിലെ ടാക്സി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ സമർപ്പിത പദ്ധതികളുടെ ഭാഗമായാണു ഇൗ നടപടി. ലണ്ടൻ ടാക്സിയുടെ പോലെ പ്രത്യേക ക്യാബിനുകളിലായി ആറ് ഇരിപ്പിടം ഉണ്ടായിരിക്കും. സാറ്റ്‍ലൈറ്റ് അധിഷ്ഠിത നാവിഗേഷൻ സിസ്റ്റം, വോയിസ് കമാൻഡ് സിസ്റ്റം തുടങ്ങിയ ഉൾപ്പെടെ അത്യാധുനിക സൗകര്യവും ഉണ്ടായിരിക്കും.

Lets socialize : Share via Whatsapp