
മസ്കത്ത്: ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനില്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. ഒമാനില്‍ വന്നിറങ്ങിയ ശേഷമുള്ള ക്വാറന്റീന് കാലയളവിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്.
യാത്രയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലും നെഗറ്റിവ് ആയിരുന്നു. വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗിയുമായി ഇടപെടുമ്പോള്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഏതുതരത്തിലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങളും നേരിടാന്‍ ഒമാനിലെ ആരോഗ്യ മേഖല സുസജ്ജമാണ്. രോഗബാധിതരെ കണ്ടെത്താന്‍ അതിര്‍ത്തികളില്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളുടെ ശേഷി ഉയര്‍ത്താനും ഒരുക്കമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും പാലിക്കണം. അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ വിദേശയാത്രകള്‍ ഒഴിവാക്കണം. മുന്‍ഗണന പട്ടികയിലുള്ളവര്‍ കോവിഡ് വാക്സിനേഷന് നിര്‍ബന്ധമായും സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കണം. രോഗബാധിതരായവര്‍ ഹെല്‍ത്ത് ഐസോലേഷനില്‍ പോവുകയും എല്ലാവിധ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കുകയും വേണം. അതിനിടെ ഒമാനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനയുണ്ട്. ചൊവ്വാഴ്ച 190 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,29,774 ആയി. 34 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,22,406 പേരാണ് ഇതുവരെ രോഗമുക്തരായത്. 94.3 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരണസംഖ്യ 1502ല്‍തന്നെ തുടരുകയാണ്. 12 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 26 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.