ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം പൂര്‍ണ്ണമായി അവസാനിക്കുന്നു; അനുരഞ്ജന കരാറില്‍ ജി.സി.സിയിലെ ആറ് രാജ്യങ്ങളും ഒപ്പു വച്ചു

by International | 05-01-2021 | 3106 views

റിയാദ്: ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം പൂര്‍ണ്ണമായി അവസാനിക്കുന്നു. അനുരഞ്ജന കരാറില്‍ ജി.സി.സിയിലെ ആറ് രാജ്യങ്ങളും ഒപ്പു വച്ചു. സൗദിയിലെ അല്‍ ഉലയില്‍ നടക്കുന്ന ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയിലാണ് അനുരഞ്ജന കരാര്‍ ഒപ്പു വച്ചത്. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍ ഉല കരാറില്‍ ഒപ്പു വച്ചത്. 

അല്‍ ഉല കരാര്‍ പ്രകാരം ഇന്നലെ തന്നെ സൗദി അറേബ്യ ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറന്നിരുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന അല്‍ ഉല കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

അതിര്‍ത്തി കവാടം തുറന്നെങ്കിലും വാഹനങ്ങള്‍ കടത്തി വിടാന്‍ ഇനിയും വൈകും

മൂന്ന് വര്‍ഷത്തിലേറെയായി തുടര്‍ന്ന ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി അറേബ്യ ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും തുറന്നു. തിങ്കളാഴ്ച വൈകീട്ടാണ് കുവൈത്ത് വിദേശകാര്യ മന്ത്രി അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി പ്രഖ്യാപിച്ചത്. 

സൗദിയും ഖത്തറും തമ്മില്‍ കരമാര്‍ഗമുള്ള അതിര്‍ത്തിയിലെ ഏക ചെക്ക് പോസ്റ്റാണ് അബു സാംറയിലെത്. തിങ്കളാഴ്ച അര്‍ധരാത്രി സൗദിയും ഖത്തറും തമ്മിലുള്ള കര-ജല-വ്യോമ അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഏറെ ഉറ്റു നോക്കിയത് അബു സാംറയിലേക്കാണ്.

അബു സാംറയിലെ അതിര്‍ത്തി കവാടം കടന്ന് വാഹനങ്ങള്‍ നീങ്ങുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ഖത്തറിലെയും മിഡില്‍ ഈസ്റ്റിലെയും ജനങ്ങള്‍. അതിര്‍ത്തികള്‍ തുറക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അബു സാംറയിലൂടെ വാഹനങ്ങള്‍ ഇതുവരെ കടത്തി വിട്ടു തുടങ്ങിയിട്ടില്ല. 

അബു സാംറ അതിര്‍ത്തിയില്‍ കര്‍ശനമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇമിഗ്രേഷന്റെയും കസ്റ്റംസിന്റെയും കൗണ്ടറുകള്‍ ഇവിടെ ഇപ്പോഴും അടച്ചിരിക്കുകയാണ്.

വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ കരമാര്‍ഗം അതിര്‍ത്തി കടക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കും ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടാതെ കൊവിഡ്-19 ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രവാസി സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. 

അതിനാല്‍ തന്നെ അബു സാംറ വഴി വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. സൗദിയിലെ അല്‍ ഉലയില്‍ നടക്കുന്ന 41-ാമത് ജി.സി.സി ഉച്ചകോടി അവസാനിക്കുമ്പോള്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Lets socialize : Share via Whatsapp