ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 40 കോടി നേടിയ മലയാളിയെ കണ്ടെത്തി; കോടിപതി കോഴിക്കോട് സ്വദേശി അബ്ദുൽ സലാം

by Abudhabi | 04-01-2021 | 3627 views

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 40 കോടി രൂപ സമ്മാനം നേടിയ മലയാളിയെ മസ്ക്കത്തിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാം (28) ആണ് ലോകം കാത്തിരുന്ന ആ കോടിപതി.

വിജയിയെ കണ്ടെത്താൻ ബിഗ് ടിക്കറ്റ് സംഘാടകർ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഈയൊരു ഉദ്യമത്തിന് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടിയത്.

2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റെടുക്കുമ്പോൾ നൽകിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സംഘാടകർക്ക് കഴിഞ്ഞില്ല. അബ്ദുൽ സലാം ടിക്കറ്റ് എടുത്തപ്പോൾ നൽകിയ നമ്പറിൽ ഇന്ത്യയിൽ നിന്നുള്ള കോഡായ 91 ആണ് ചേർത്തിരുന്നത്. ഇതാണ് ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നത്. മാധ്യങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്താണ് അബ്ദുൽ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്.

അഞ്ചാംതവണയാണ് ബിഗ് ടിക്കറ്റിൽ അബ്ദുൾ സലാം ഭാഗ്യം പരീക്ഷിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു അബ്ദുൾ സലാം ടിക്കറ്റെടുത്തത്. അവരുമായി സമ്മാനത്തുക പങ്കുവെക്കുമെന്നും കൂടാതെ സമ്മാനത്തുക സമൂഹവിവാഹം നടത്താനായി മാറ്റിവെക്കുമെന്നും അബ്ദുൽസലാം പറഞ്ഞു.

Lets socialize : Share via Whatsapp