അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍: സൗദി ഹജ്ജ് ഉംറ മന്ത്രാലയം

by General | 29-12-2020 | 1794 views

റിയാദ്: അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇതിനായി 'ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം' എന്ന പേരില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു. വിഷന്‍ 2030 പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം വികസിപ്പിച്ചത്. 2019 ലെ ഹജ്ജ് വേളയില്‍ അരലക്ഷത്തോളം തീര്‍ത്ഥാടകരില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ പരീക്ഷിച്ചിരുന്നു. ഇത് വിജയകരമായ സാഹചര്യത്തിലാണ് അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്.

ഇക്കാര്യം നേരത്തെ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഹജ്ജ് സംബന്ധമായ വിവരങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരുടെ വ്യക്തിവിവരങ്ങളും, താമസ സ്ഥലം, ആരോഗ്യ സ്ഥിതി, തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഉള്‍കൊള്ളുന്നതാണ് സ്മാര്‍ട്ട് തിരിച്ചറിയില്‍ കാര്‍ഡുകള്‍. തീര്‍ത്ഥാടകരുടെ ഓരോ നീക്കങ്ങളുമറിഞ്ഞ് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും. വഴി തെറ്റിയോ മറ്റോ പ്രയാസപ്പെടുന്ന തീര്‍ത്ഥാടകരുടെ സ്ഥാനം കണ്ടെത്തുവാനും, വളരെ എളുപ്പത്തില്‍ ഇവര്‍ക്ക് ആവശ്യമായ സഹായമെത്തിക്കുവാനും ഇതിലൂടെ സാധിക്കും. പുണ്ണ്യ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന മെഷീനുകളിലൂടെയും, കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യൂ.ആര്‍ കോഡ് വഴിയും കാര്‍ഡിലെ വിവരങ്ങള്‍ മനസ്സിലാക്കാം.

Lets socialize : Share via Whatsapp