2034 -ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയില്‍ അരങ്ങേറും

by Sports | 16-12-2020 | 8012 views

റിയാദ്: 2034-ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയിലെ റിയാദില്‍ അരങ്ങേറും. മസ്‌കത്തില്‍ ചേര്‍ന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ യോഗത്തിലാണ് സൗദിയെ വേദിയായി പ്രഖ്യാപിച്ചത്. 2030 ലെ ഏഷ്യാഡ് ഖത്തറിലെ ദോഹയിലും അരങ്ങേറും. ഇതാദ്യമായാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഒരു പ്രധാന കായികമേളയ്ക്ക് സൗദി അറേബ്യ വേദിയാകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി നടന്ന വോട്ടെടുപ്പിന് ശേഷമാണ് സൗദി വേദിയായി ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ മണിക്കൂറുകള്‍ വൈകിയാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്.

നേരത്തെ, 2006 ല്‍ ഖത്തറിലെ ദോഹയില്‍ ഏഷ്യന്‍ ഗെയിംസ് നടന്നിരുന്നെങ്കിലും ഇത്തരത്തിലുള ഗെയിംസ് ആദ്യമായാണ് സൗദിയില്‍ അരങ്ങേറുന്നത്. രാജ്യത്തെ കായികം രംഗം ആകെ മാറിയിട്ടുണ്ടെന്നും പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത് സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചുവെന്നും സൗദി സ്പോര്‍ട്സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് നടത്താന്‍ സൗദി പര്യാപ്തമാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്ത് സുപ്രധാന ബോക്‌സിങ് പരിപാടികളും ഫോര്‍മുല വണ്‍ പോലെയുള്ള പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2027 ലെ ഏഷ്യന്‍ ഫുട്‍ബോള്‍ കപ്പ് മത്സരവും സൗദിയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇതിനായി സൗദിയെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

Lets socialize : Share via Whatsapp