മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31ന് മുമ്പ് രാജ്യം വിടണമെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി

by Dubai | 04-12-2020 | 4448 views

ദുബായ്: യു.എ.ഇ-യിൽ കഴിയുന്ന മുഴുവൻ വിസാ നിയമലംഘകരും ഈ മാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പൊതുമാപ്പ് സമയം ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പാണ് മുഴുവൻ വിസാ നിയമലംഘകരും പിഴയില്ലാതെ മടങ്ങാൻ അനുവദിച്ച സമയം വിനിയോഗിക്കണമെന്ന് നിർദേശിച്ചത്. ഈവർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി പിന്നിട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.

റെസിഡൻസ് വിസയുടെ കാലവധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങിയവർ ഡിസംബർ 31 ന് മുമ്പ് യാത്രചെയ്യാൻ കഴിയുന്ന ടിക്കറ്റുമായി വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തി നടപടി ക്രമം പൂർത്തിയാക്കണം. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുന്നവർ അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴിയാണ് മടങ്ങുന്നതെങ്കിൽ ആറ് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി പൊതുമാപ്പ് നടപടികൾ പൂർത്തിയാക്കണം. ദുബൈയിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇവർ മടങ്ങുന്നതെങ്കിൽ നാൽപത്തിയെട്ട് മണിക്കൂർ മുമ്പ് ദുബൈ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്യണം. നിയമലംഘകരുടെ വിസയിലുണ്ടായിരുന്ന ആശ്രിതരും ഒരേ സമയം നാട്ടിലേക്ക് മടങ്ങണമെന്നും ഐ.സി.എ വ്യക്തമാക്കി.

Lets socialize : Share via Whatsapp