വിദേശികള്‍ക്ക് കമ്പനി തുടങ്ങണമെങ്കില്‍ സ്വദേശികള്‍ സ്പോണ്‍സര്‍മാരായിരിക്കണമെന്ന നിബന്ധന ഒഴിവാക്കി യുഎഇ

by Dubai | 24-11-2020 | 3550 views

അബുദാബി: യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ തീരുമാനം. വിദേശികള്‍ക്ക് കമ്പനി തുടങ്ങണമെങ്കില്‍ സ്വദേശികള്‍ സ്പോണ്‍സര്‍മാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. പ്രവാസി മലയാളികള്‍ക്കടക്കം ഒട്ടേറെ പേര്‍ക്ക് ഗുണകരമായ പ്രഖ്യാപനം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിലെ നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49 ശതമാനമായി നിജപ്പെടുത്തിയിരുന്നു. യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആയിരുന്നു ബാക്കി 51 ശതമാനം ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്പോണ്‍സര്‍ഷിപ്പില്‍ മാത്രമായിരുന്നു വിദേശിക്ക് കമ്പനി തുടങ്ങാന്‍ അനുവാദമുണ്ടായിരുന്നത്. ഡിസംബര്‍ ഒന്നിന് നിലവില്‍ വരുന്ന ഭേദഗതി പ്രകാരം 100 ശതമാനം നിക്ഷേപവും വിദേശി പൗരന്മാര്‍ക്ക് നടത്താനാകും. ഫ്രീ സോണില്‍ നേരത്തെ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. 

അതേസമയം, എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശനിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലകളില്‍ നിയമഭേദഗതി നടപ്പാക്കുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച നയങ്ങള്‍ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മാറ്റം വരുന്നതോടെ രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തില്‍ മാറ്റംവരുമെന്നും ഇത് രാജ്യത്തിന്റെ മത്സരശേഷിയെ ഉത്തേജിപ്പിക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ പറഞ്ഞു.

Lets socialize : Share via Whatsapp