ഡല്‍ഹി ക്യാപിറ്റല്‍സിനെ 5 വിക്കറ്റിന് തോല്‍പ്പിച്ച് 2020 -ലെ ടി 20 മുംബൈ ഇന്ത്യന്‍സിന്

by Sports | 10-11-2020 | 8723 views

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ അനായാസം തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി. ഐ.പി.എല്‍ മത്സരങ്ങളില്‍ ഇത് അഞ്ചാം തവണയാണ് മുംബയ് ഇന്ത്യന്‍സ് കിരീടം നേടുന്നത്. ഇതോടെ ഡല്‍ഹിക്ക് തങ്ങളുടെ കന്നി കിരീടം എന്ന സ്വപ്‌നമാണ് മങ്ങിപോയത്. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 50 പന്തില്‍ 68 റണ്‍സെടുത്ത രോഹിത് വിജയമുറപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്.

157 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഡികോക്കും രോഹിതും ചേര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സിന്റെ നിര്‍ണായക അടിത്തറ നല്‍കി. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്ടനൊപ്പം സ്കോര്‍ അനായാസം ചലിപ്പിച്ചതോടെ വിജയം ഡല്‍ഹിയില്‍ നിന്നകന്നു. സ്കോര്‍ 90 ല്‍ നില്‍ക്കെ യാദവ് മടങ്ങിയെങ്കിലും യുവതാരം ഇഷാന്‍ കിഷന്‍ കിടിലന്‍ ഷോട്ടുകളിലൂടെ രോഹിതിനൊപ്പം ടീമിന്റെ സ്കോര്‍ ഉയര്‍ത്തി. 137 ല്‍ വച്ച്‌ രോഹിതിനെ പുറത്താക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞെങ്കിലും അപ്പോഴേക്കും കിരീടം മുംബൈക്ക് വളരെ അടുത്തെത്തിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്ടന്‍ ശ്രേയസ് അയ്യരുടേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 50 പന്തില്‍ 65 റണ്‍സെടുത്ത അയ്യര്‍ പുറത്താകാതെ നിന്നപ്പോള്‍ 38 പന്തില്‍ 56 റണ്‍സെടുത്ത് പന്ത് നല്ല പിന്തുണ നല്‍കി. ഡല്‍ഹിയുടെ ബാറ്റ്സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം രണ്ടക്കം കണ്ടത്. ബൂമ്ര നിറം മങ്ങിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിന്റെ കിടിലന്‍ ബൗളിംഗാണ് ഡല്‍ഹിയെ പിടിച്ചു കെട്ടിയത്. 22 റണ്‍സിനു മൂന്ന് വിക്കറ്റ് വീണ ഡല്‍ഹിക്ക് വലിയൊരു സ്കോര്‍ ദുഷ്കരമായിരുന്നു.

Lets socialize : Share via Whatsapp