ഇസ്ലാം വിരുദ്ധ സമീപനം: ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി അറബ് രാഷ്ട്രങ്ങള്‍

by International | 24-10-2020 | 1202 views

ദോഹ: ഫ്രാന്‍സില്‍ പ്രവാചകനെ നിന്ദിച്ചുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ച ഇസ്ലാം വിരുദ്ധ സമീപനത്തിനെതിരേ അറബ് രാഷ്ട്രങ്ങളില്‍ വ്യാപക പ്രതിഷേധം. ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന ഫ്രാന്‍സിന്റെ നീക്കത്തിനെതിരേ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് കുവൈത്തിന് പിന്നാലെ ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍വലിക്കാനും അറബ്, ഇസ്‌ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യേക കാംപയിനും ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കുവൈത്തിലേയും ഖത്തറിലേയും മാര്‍ക്കറ്റുകളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു.

ഖത്തറിലെ മുന്‍നിര സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീര അവരുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് എല്ലാ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളും നീക്കം ചെയ്തതായി അറിയിച്ചിരിക്കുന്നത്. ഒരു ദേശീയ കമ്പനി എന്ന നിലയില്‍, ഞങ്ങളുടെ രാജ്യത്തെയും വിശ്വാസത്തെയും സേവിക്കുന്ന തരത്തിലും ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന രീതിയിലും ഞങ്ങളുടെ വിശ്വസ്ത മതം, സ്ഥാപിതമായ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു ദര്‍ശനം അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കൂവെന്ന് അല്‍ മീര പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രഞ്ച് സാംസ്‌കാരിക വാര പരിപാടി മാറ്റിവച്ചു കൊണ്ട് ഖത്തര്‍ സര്‍വകലാശാലയും ബഹിഷ്‌കരണ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. ഇസ്ലാമിക വിശ്വാസത്തിന്റെയും വിശുദ്ധ ചിഹ്നങ്ങളേയും അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല, കാരണം ഈ കുറ്റകൃത്യങ്ങള്‍ സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കും ഉയര്‍ന്ന ധാര്‍മ്മിക തത്വങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രാന്‍സിലെ ചില കെട്ടിടങ്ങളുടെ മുന്‍വശത്ത് മുഹമ്മദ് നബിയെ അപമാനിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും സര്‍ക്കാര്‍ ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നതും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി) വെള്ളിയാഴ്ച അപലപിച്ചു. മതചിഹ്നങ്ങളെ അപമാനിച്ചുകൊണ്ട് മുസ്ലിംകളുടെ വികാരങ്ങള്‍ക്കെതിരായ നിരന്തരമായ ആസൂത്രിത ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്ന് ഒഐസി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാരീസിന് 30 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ അധ്യാപകനായ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ക്ലാസില്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രതിയെന്നാരോപിച്ച് 18 കാരനായ യുവാവിനെ പോലിസ് വെടിവച്ച് കൊന്നിരുന്നു.

Lets socialize : Share via Whatsapp