ജമാല്‍ ഖഷോഗി വധം: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിശ്രുത വധു കോടതിയില്‍

by International | 21-10-2020 | 1514 views

വാഷിംഗ്ടണ്‍: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ 2018 ഒക്ടോബര്‍ 2ന് സൗദി ദൗത്യ സംഘം കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാദിജെ ഷെന്‍ഗിസ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സല്‍മാന്‍ രാജകുമാരനും സൗദി ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് തുര്‍ക്കി പൗരയായ ഹാദിജെ ഷെന്‍ഗിസ് യു.എസ് കോടിതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

വിവാഹവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ക്കായി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ സൗദി സംഘം വധിക്കുകയായിരുന്നു. സല്‍മാന്‍ രാജകുമാരനെ നിരന്തരം രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളിലെ കോളമിസ്റ്റ് ആയിരുന്ന ജമാല്‍ ഖഷോഗി. ഹാദിജെ ഷെന്‍ഗിസിനൊപ്പം ഖഷോഗി സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയായ ഡോണും (ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ) കോടതിയെ സമീപിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാനും 28 സൗദി ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്ന ഡോണിനെ തളര്‍ത്തുക എന്നതാണ് ഖഷോഗിയെ കൊലപ്പെടുത്തിയതിലൂടെ സൗദി ലക്ഷ്യമിട്ടതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. യുഎസ്സില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഖഷോഗിയെ ഇല്ലാതാക്കേണ്ടത് സൗദിയുടെ ആവശ്യമായിരുന്നെന്ന് ഡോണ്‍ ആരോപിക്കുന്നു.

ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തു എന്നത് സംബന്ധിച്ച്‌ ഇപ്പോഴും യാതൊരു വ്യക്തതയില്ല. തുര്‍ക്കിയും അന്താരാഷ്ട്ര സമൂഹവും വലിയ സമ്മര്‍ദ്ദങ്ങളുയര്‍ത്തിയതിനെ തുടര്‍ന്നാണ്, ആദ്യം കൊലയില്‍ പങ്കില്ലെന്ന പറഞ്ഞ സൗദി പിന്നീട് തങ്ങളുടെ ആളുകളാണ് അത് ചെയ്തതെന്ന് സമ്മതിച്ചത്. സല്‍മാന്‍ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊല നടത്തിയത് എന്ന സംശയം ഒരു ഘട്ടത്തില്‍ യു.എസ് അടക്കം ഉയര്‍ത്തിയിരുന്നു. അപ്പോളും ഒരു സംഘം തെമ്മാടികളാണ് അത് ചെയ്തതെന്നും സല്‍മാന് ഇതില്‍ പങ്കില്ലെന്നുമായിരുന്നു സൗദിയുടെ വാദം. 13 പൗരന്മാരെ കേസുമായി ബന്ധപ്പെട്ട് സൗദി വിചാരണ ചെയ്തിരുന്നു.

അതേസമയം ആരോപണവിധേയരില്‍ രണ്ട് പ്രധാനികളെ കുറ്റവിമുക്തരാക്കി. ഡെപ്യൂട്ടി ഇന്റലിജന്‍സ് ചീഫ് അഹമ്മദ് അല്‍ അസീറി, റോയല്‍ കോര്‍ട്ട് മീഡിയ ചീഫ് സൗല്‍ അല്‍ ഖത്താനി എന്നിവരെ. സല്‍മാന്റെ വിശ്വസ്തരാണ് ഇരുവരും. സൗദി അറേബ്യയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതു കൊണ്ടാണ് വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയെ സമീപിച്ചതെന്ന് ഹാദിജെയും ഡോണും പറയുന്നു. സമാന്തരമായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കൊലക്കേസുണ്ട്. വാഷിംഗ്ടണിലെ സൗദി എംബസിയും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും വിവാഹത്തിന് ആവശ്യമായ രേഖകള്‍ക്കായി ഇസ്താംബുളിലേയ്ക്ക് പോകാന്‍ ഖഷോഗിയോട് നിര്‍ദ്ദേശിച്ചത് വാഷിംഗ്ടണിലെ സൗദി എംബസിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Lets socialize : Share via Whatsapp