അമീര്‍ കപ്പ്: സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ദുഹൈല്‍ സ്​റ്റേഡിയം

by Sports | 18-10-2020 | 1454 views

ദോഹ: ഈ സീസണിലെ അമീര്‍ കപ്പ് ഫുട്ബാള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ദുഹൈല്‍ സ്​റ്റേഡിയമെന്നറിയപ്പെടുന്ന അബ്​ദുള്ള ബിന്‍ ഖലീഫ സ്​റ്റേഡിയം വേദിയാകുമെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ക്യൂ.എഫ്.എ) അറിയിച്ചു. ഒക്ടോബര്‍ 30, 31 തീയതികളിലായാണ് മത്സരം നടക്കുക.

ഒക്ടോബര്‍ 30ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ അല്‍ മര്‍ഖിയ അല്‍ അറബി ക്ലബിനെ നേരിടും. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ദുഹൈല്‍ അല്‍ സദ്ദുമായി കൊമ്പ് കോര്‍ക്കും. രണ്ട് മത്സരങ്ങളും വൈകീട്ട് ആറിന് ആരംഭിക്കുമെന്നും ക്യു.എഫ്.എ വ്യക്തമാക്കി.

യഥാര്‍ഥ ഫൈനലിന് മുമ്പുള്ള ഫൈനലായാണ് ദുഹൈല്‍-സദ്ദ് പോരാട്ടത്തെ വിലയിരുത്തുന്നത്. 2019ലെ അമീര്‍ കപ്പ് ഫൈനലിസ്​റ്റ് കൂടിയാണ് അല്‍ സദ്ദ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അന്ന് ദുഹൈല്‍ സദ്ദിനെ മലര്‍ത്തിയടിച്ച്‌ കിരീടത്തില്‍ മുത്തമിട്ടത്. അമീര്‍ കപ്പ് ഫൈനല്‍ വേദി പിന്നീട് അറിയിക്കുമെന്നും ക്യു.എഫ്.എ അറിയിച്ചു.

Lets socialize : Share via Whatsapp