കുവൈത്തിലും സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ഐ.എം.എഫ്

by Business | 17-10-2020 | 5251 views

കുവൈത്ത് സിറ്റി: കുവൈത്തിലും ഈ വർഷം വലിയ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജി.സി.സി രാജ്യങ്ങളിലും ആഭ്യന്തര ഉത്പാദന വളർച്ചാനിരക്കിൽ ഇടിവ് പ്രതീക്ഷിക്കുന്നതായും ഐ.എം.എഫ് പറയുന്നു.

കുവൈത്തിൽ ഈ വർഷം ആഭ്യന്തര ഉത്പാദന വളർച്ചാനിരക്ക് 8.1 ശതമാനം വരെ കുറയുമെന്നും കുവൈത്തിന് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നുമാണ് ഐ.എം.എഫിന്റെ പ്രവചനം. ഏപ്രിലിൽ നടത്തിയ പ്രവചനത്തിൽ 1.1 ശതമാനം കുറവുണ്ടാകുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഈ വർഷം സൗദിഅറേബ്യ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആഭ്യന്തര ഉത്പാദന വളർച്ചാനിരക്കിൽ വൻകുറവ് രേഖപ്പെടുത്തുമെന്നും യു.എ.ഇ.യിൽ നിലവിലുള്ള 3.5 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായും ഒമാനിൽ 2.8 ശതമാനത്തിൽനിന്ന് 10 ശതമാനമായും ഖത്തറിൽ 4.3 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായും ബഹ്‌റൈനിൽ 3.6 ശതമാനത്തിൽനിന്ന് 4.9 ശതമാനമായും ആഭ്യന്തര ഉത്പാദന വളർച്ചാനിരക്ക് ചുരുങ്ങുമെന്നാണ് ഐ.എം.എഫ്. റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

അതേസമയം കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി സ്തംഭിച്ച വിവിധമേഖലകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥ സാവധാനം പുരോഗമിക്കുന്നതായിട്ടാണ് ജി 20 ഗ്രൂപ്പിലെ ധനമന്ത്രിമാരും. സെൻട്രൽ ബാങ്ക് ഗവർണർമാരും വിലയിരുത്തിയത്. എന്നാൽ സമ്പദ് വ്യവസ്ഥ സമ്പൂർണമായ തിരിച്ചുവരവിലേക്ക് ഉടൻ മടങ്ങില്ലെന്നും അനിശ്ചിതത്വങ്ങൾ നിറഞ്ഞതും കടുത്തപ്രതിസന്ധികൾ നിറഞ്ഞ സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി.

Lets socialize : Share via Whatsapp