എ.എഫ്.സി ചാമ്പ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകുമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍

by Sports | 10-10-2020 | 1042 views

ദോഹ: എ.എഫ്.സി ചാമ്പ്യന്‍സ്​ ലീഗ് ഈസ്​റ്റ് സോണ്‍ മത്സരങ്ങളും ഖത്തറില്‍ നടക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കുന്ന ഈസ്​റ്റ് സോണ്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകുമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്. സി) അറിയിച്ചു.

എ.എഫ്.സി ചാമ്പ്യന്‍സ്​ ലീഗ് വെസ്​റ്റ് സോണ്‍ മത്സരങ്ങള്‍ വിജയകരമായി സമാപിച്ചതിന് പിന്നാലെയാണ് ഈസ്​റ്റ് സോണ്‍ മത്സരങ്ങളും ഖത്തറില്‍ സംഘടിപ്പിക്കാന്‍ എ.എഫ്.സി തീരുമാനിച്ചിരിക്കുന്നത്. ചൈന, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബുകളുടെ ചാമ്പ്യന്‍സ്​ ലീഗിലെ ബാക്കി മത്സരങ്ങളാണ് ഇവിടെ നടക്കുക. ഈസ്​റ്റ് സോണിലെ ജി, എച്ച്‌ എന്നീ ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ക്ക് നേരത്തെ മലേഷ്യ ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലേഷ്യയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാമ്പ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ നടത്താന്‍ ഖത്തറിന് ഒരിക്കല്‍ കൂടി നറുക്ക് വീണിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂര്‍ണമെന്‍റായ ചാമ്പ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനഃരാരംഭിച്ചത്. ഖത്തറില്‍ 2022ലേക്കുള്ള ലോകകപ്പ് സ്​റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളിലായിരുന്നു മത്സരം.

ലോകമെമ്പാടും കോവിഡ്-19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച്‌ മാസത്തിലാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുന്നത്. ഖത്തറില്‍ നടന്ന വെസ്​റ്റ് സോണ്‍ മത്സരങ്ങള്‍ വിജയകരമായി സമാപിച്ചതില്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി വിന്‍സര്‍ ജോണ്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രശംസ നേര്‍ന്നിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ സൗദിയില്‍ നിന്നുള്ള അല്‍ ഹിലാല്‍ ക്ലബിന്‍റെ ഭൂരിഭാഗം താരങ്ങള്‍ക്കും ഓഫീഷ്യലുകള്‍ക്കും കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. അല്‍ നസര്‍ ക്ലബിനെ വീഴ്ത്തി ഇറാനില്‍ നിന്നുള്ള പെര്‍സെപൊളിസ്​ ആണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ഒരു ക്ലബ്. അതേസമയം, ഡിസംബര്‍ 19ന് നടക്കേണ്ട എ.എഫ്.സി ചാമ്പ്യന്‍സ്​ ലീഗ് ഫൈനലിന്‍റെ വേദി ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Lets socialize : Share via Whatsapp