ഐപിഎല്‍: രാജസ്ഥാന്‍ മുട്ടുമടക്കി, മുംബൈക്ക് എതിരെ രാജസ്ഥാന് 57 റണ്‍സിന്റെ തോല്‍വി

by Sports | 07-10-2020 | 647 views

ഐപിഎല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന് 57 റണ്‍സിന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്.

70 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. 44 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടങ്ങിയതാണ് ബട്ട്ലറുടെ ഇന്നിങ്സ്. കിറോണ്‍ പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബട്ട്‌ലര്‍ പുറത്തായത്. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട രാജസ്ഥാന് ആദ്യ 17 പന്തുകള്‍ക്കുള്ളില്‍ യശസ്വി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 11 റണ്‍സുമായി മഹിപാല്‍ ലോംറോറും അധികം വൈകാതെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ബട്ട്‌ലറും ടോം കറനും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ത്തു. 16 പന്തുകളില്‍ 15 റണ്‍സുമായി കറനും മടങ്ങി.

മുംബൈക്കായി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും 4.5 ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്തു.

ഡിക്കോക്കിനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാല 35 റണ്‍സ് എടുത്ത് രോഹിത് ശര്‍മ മടങ്ങി. സൂര്യകുമാര്‍ യാദവ് ആണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. ക്രൂണാല്‍ പാണ്ഡ്യ 12 റണ്‍സ് നേടി.

Lets socialize : Share via Whatsapp