ഐപിഎല്‍: ബയോ ബബിള്‍ ലംഘിക്കുന്ന കളിക്കാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയും പിഴയും

by Sports | 02-10-2020 | 1766 views

ദുബായ്: കോവിഡ് ഭീഷണിയെ തുടര്‍ന്ന് കളിക്കാര്‍ക്കും മാത്രമല്ല, കുടുംബാഗങ്ങള്‍ക്ക് വരെ പ്രത്യേക സുരക്ഷാവലയമുണ്ടാക്കി അതീവ സുരക്ഷയിലാണ് 2020 ഐപിഎല്‍ യുഎഇ-യില്‍ നടക്കുന്നത്. ഐപിഎല്‍ അവസാനിക്കും വരെ പുറത്തു നിന്ന് അകത്തേക്കോ, അകത്തു നിന്ന് പുറത്തേക്കോ പോകാന്‍ വിലക്കുള്ള ബയോ ബബിളിലാണ് കളിക്കാരും കുടുംബാഗങ്ങളും. കളിക്കാര്‍ ആരെങ്കിലും ബയോ ബബിള്‍ ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്.

ആദ്യത്തെ തവണ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ആറ് ദിവസത്തെ ക്വാറന്റൈനാണ് കളിക്കാര്‍ നേരിടുക. രണ്ടാമത്തെ തവണയും ക്വാറന്റൈന്‍ ലംഘിച്ചാല്‍ ഒരു കളിയില്‍ നിന്ന് സസ്പെന്‍ഷനും ആറ് ദിവസത്തെ ക്വാറന്റൈനും പാലിക്കണം. വീണ്ടും ആവര്‍ത്തിച്ചാല്‍ മുന്നറിയിപ്പുകളൊന്നും നല്‍കാതെ പുറത്തേക്കുള്ള വാതില്‍ തുറക്കും. മാത്രമല്ല, ബയോ ബബിള്‍ പൊട്ടിച്ചതിന് ഫ്രാഞ്ചൈസിയില്‍ നിന്ന് ഒരു കോടി രൂപ പിഴയും ഈടാക്കും.

ജിപിഎസ് ട്രാക്കര്‍ ധരിക്കാതെ വന്നാലോ, മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലോ 60,000 രൂപയാണ് പിഴ. കളിക്കാരെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. എല്ലാ കളിക്കാരും സ്റ്റാഫ് അംഗങ്ങളും അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. കളിക്കാരെ കൂടാതെ സ്റ്റാഫ് അംഗങ്ങളോ, മറ്റ് ഒഫീഷ്യലുകളോ രണ്ടാമതും ബയോ ബബിളിന് പുറത്ത് കടന്നാല്‍ ഫ്രാഞ്ചൈസി ഒരു കോടി രൂപ പിഴയടക്കണം. രണ്ട് പോയിന്റും പിന്‍വലിക്കും.

Lets socialize : Share via Whatsapp