ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നാലിന് പുനഃരാരംഭിക്കുന്ന ഉംറ തീര്‍ഥാടനത്തിന് കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അധികൃതര്‍

by General | 01-10-2020 | 2132 views

ജിദ്ദ: ഉംറ തീര്‍ഥാടനം നാലിന് പുനഃരാംരംഭിക്കുമെന്നതിനു മുന്നോടിയായി സൗദി അധികൃതര്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ഉംറ തീര്‍ഥാടനം ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ടോബര്‍ നാല് മുതല്‍ പുനഃരാരംഭിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ തീര്‍ഥാടനം പൂര്‍ണ്ണതോതിലാകും. ആദ്യഘട്ടത്തില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി. ഇതില്‍ തന്നെ രണ്ട് ഉംറകള്‍ക്കിടയില്‍ 14 ദിവസത്തെ ഇടവേള നിര്‍ബന്ധമാണ്.

ഉംറ തീര്‍ഥാടകര്‍ കൊവിഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് സൗദി ഹജ്ജ് ഉംറ കാര്യാലയം അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് കാരണമായി സ്വീകരിച്ചിരിക്കുന്ന ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരമുണ്ടാകുമെന്ന് മന്ത്രാലയത്തിന്റെ ചീഫ് പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ഡോ.അല്‍ മദ്ദാഹ് അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ഇതുവരെ ഉംറ നിര്‍വഹിക്കുന്നതിനായി 35,000 അപേക്ഷകള്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഓരോ തീര്‍ഥാടകനും മൂന്ന് മണിക്കൂര്‍ വീതം സമയം അനുദിക്കും. സൂര്യാസ്തമയത്തിനും അസര്‍ നമസ്‌ക്കാരത്തിനും ഇടയ്ക്കുള്ള സമയത്ത് ഉംറയ്ക്ക് അനുമതിയുണ്ടായിരിക്കില്ല. ആ സമയം ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗപ്പെടുത്തും. ദിവസവും ആറ് പ്രാവശ്യമായിട്ടാണ് ഉംറയ്ക്ക് അനുമതി. ഉംറയ്ക്ക് ഓരോ സംഘം എത്തുന്നതിന് മുമ്പായും അണുനശീകരണം നടത്തുമെന്നും ഡോ.അല്‍ മദ്ദാഹ് അറിയിച്ചു.

ഓരോ തവണയും സംഘത്തിനൊപ്പം സൂപ്പര്‍വൈസറും ഉണ്ടാകും. സാമൂഹിക അകലം അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഇവര്‍ പിന്തുടരുന്നുണ്ടെന്നും അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഉംറ നിര്‍വഹിച്ച്‌ മടങ്ങുന്നുവെന്നും ഉറപ്പാക്കാനാണിത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ഐസലേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Lets socialize : Share via Whatsapp