ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ജയിച്ചുകയറി ബാംഗ്ലൂര്‍

by Sports | 29-09-2020 | 784 views

ദുബായ്: ഐപിഎല്ലില്‍ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് സൂപ്പര്‍ ഓവറില്‍ ഏഴു റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഡിവില്ലിയേഴ്സും കോഹ്ലിയുമാണ് ബാംഗ്ലൂരിനുവേണ്ടി സൂപ്പര്‍ ഓവറില്‍ ബാറ്റുചെയ്തത്. എന്നാല്‍ പന്തെറിഞ്ഞ ബൂംറ അക്ഷരാര്‍ഥത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന പന്തില്‍ ബൌണ്ടറിയടിച്ച്‌ കോഹ്ലി ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ബാംഗ്ലൂരിനുവേണ്ടി സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ നവ്ദീപ് സെയ്നിയാണ് മത്സരത്തില്‍ ഹീറോയായത്. പൊള്ളാര്‍ഡിന്‍റെ വിക്കറ്റും അദ്ദേഹം നേടി. പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കുവേണ്ടി ബാറ്റുചെയ്തത്. ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈ ഇന്നിംഗ്സ് 20 ഓവറില്‍ അഞ്ചിന് 201 റണ്‍സില്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു കടന്നത്.

തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ഇഷന്‍ കിഷനും, കീറന്‍ പൊള്ളാര്‍ഡും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ ലക്ഷ്യത്തിന് അരികില്‍ എത്തിച്ചത്. അവസാന ഓവറില്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ഇഷാന്‍ കിഷന്‍ പുറത്തായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. ആദ്യ രണ്ട് പന്ത് സിംഗിളായിരുന്നെങ്കിലും മൂന്നും നാലും പന്തുകള്‍ സിക്സര്‍ പറത്തി കിഷന്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ ലോങ് ഓണില്‍ ക്യാച്ച്‌ നല്‍കി കിഷന്‍ മടങ്ങുകയായിരുന്നു. അവസാന പന്തില്‍ അഞ്ച് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പൊള്ളാര്‍ഡിന്‍റെ തകര്‍പ്പന്‍ ഷോട്ട് സിക്സറായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ മലയാളി താരം ദേവ്ദത്ത് പാഡിക്കല്‍, എബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ മൂന്നിന് 201 റണ്‍സാണ് അവര്‍ നേടിയത്.

ദേവ്ദത്ത് പാഡിക്കലും ആരോണ്‍ ഫിഞ്ചു ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യം ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. പാഡിക്കല്‍ 40 പന്തില്‍ 54 റണ്‍സും ഫിഞ്ച് 35 പന്തില്‍ 52 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റിന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂര്‍ സ്കോര്‍ 200 കടത്തിയത്. വെറും 24 പന്തില്‍നിന്ന് 55 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു വീതം സിക്സറുകളും ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു വില്ലിയുടെ ഇന്നിംഗ്സ്. ശിവം ദുബെ 10 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Lets socialize : Share via Whatsapp