ഐ.പി.എല്‍: ഉജ്ജ്വല വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്; ഏഴു സിക്‌സറുകള്‍ അടക്കം 85 റണ്‍സുമായി സഞ്ജു, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീമിന്റെ വിജയശില്‍പ്പിയായി മലയാളി ക്രിക്കറ്റ് താരം

by Sports | 27-09-2020 | 667 views

ഷാര്‍ജ: ഐപിഎല്ലില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി ക്രിക്കറ്റ താരത്തിന്റെ മികവിന്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കീഴടക്കി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ 85 റണ്‍സെടുത്ത സഞ്ജു സാംസന്റെ മികവാണ് രാജസ്ഥാന് വിജയം ഒരുക്കിയത്. 224 റണ്‍സ് എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മറികടക്കുകയായിരുന്നു.

42 പന്തില്‍ ഏഴ് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മിത്തുമൊത്ത് നേടിയ റണ്‍സുകളാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. സ്മിത്ത് 50 റണ്‍സെടുത്തു പുറത്തായപ്പോള്‍ രാഹുല്‍ തേവാഡിയ 53 റണ്‍സെടുത്തു വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചു. 31 പന്തില്‍ നിന്നായിരുന്നു തേവാഡിയ 53 റണ്‍സെടുത്ത്. സഞ്ജു തന്നെയാണ് ടോപ്പ് സ്‌കോറര്‍.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്നാണ് രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. 19 റണ്‍സില്‍ ജോസ് ബട്ട്ലറെ (4) നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത്-സഞ്ജു കൂട്ടുകെട്ട് 81 റണ്‍സ് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 50 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റെയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 45 പന്തില്‍ നിന്ന് സെഞ്ച്വറി പിന്നിട്ട മായങ്ക് 50 പന്തുകളില്‍ നിന്ന് ഏഴു സിക്സും 10 ഫോറുമടക്കം 106 റണ്‍സെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 16.3 ഓവറില്‍ 183 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

രാജസ്ഥാന്‍ ബൗളര്‍മാരെ തുടക്കം മുതല്‍ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും. രാജസ്ഥാനായി പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. കൂട്ടത്തില്‍ മായങ്ക് അഗര്‍വാളായിരുന്നു ഏറ്റവും അപകടകാരി. 54 പന്തില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 69 റണ്‍സെടുത്ത രാഹുല്‍ 18-ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്വെല്ലും നിക്കോളാസ് പുരനും ചേര്‍ന്നാണ് പഞ്ചാബ് സ്‌കോര്‍ 223-ല്‍ എത്തിച്ചത്.

ഗ്ലെന്‍ മാക്സ്വെല്‍ ഒമ്പത് പന്തില്‍ നിന്ന് 13 റണ്‍സോടെയും നിക്കോളാസ് പുരന്‍ അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സോടെയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Lets socialize : Share via Whatsapp