ഐപിഎല്‍: 97 റണ്‍സിന് പഞ്ചാബിന് മിന്നുന്ന വിജയം

by Sports | 24-09-2020 | 895 views

ദുബായ്: ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് മിന്നുന്ന വിജയം. 97 റണ്‍സിനാണ് പഞ്ചാബിന്‍റെ തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് 17 ഓവറില്‍ 109 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും 28 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സും മാത്രമാണ് തിളങ്ങിയത്. നായകന്‍ വിരാട് കോഹ്ലി ഒരു റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത രവി ബിഷ്നോയിയും രണ്ട് വിക്കറ്റെടുത്ത സെല്‍ഡന്‍ കോട്റലും ചേര്‍ന്നാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടിച്ചുകൂട്ടി. 68 പന്ത് നേരിട്ട രാഹുല്‍ 132 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഏഴു സിക്സറും 14 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിഗ്സ്. ഐപിഎല്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുല്‍ ഇന്ന് നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ രാഹുലിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയുമായിരുന്നു ഇത്. രാഹുലിനെ കൂടാതെ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. രാഹുലും മായങ്കും ചേര്‍ന്നു ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട വന്നവര്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ഒരു വശത്ത് ഉറച്ചുനിന്ന കെ.എല്‍ രാഹുല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രാഹുല്‍ 62 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി തികച്ചത്. ബാംഗ്ലൂരിനുവേണ്ടി 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിവം ദുബെയും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലുമാണ് ബൌളിങ്ങില്‍ തിളങ്ങിയത്.

സെപ്റ്റംബര്‍ 27ന് ഷാര്‍ജയില്‍ രാജസഥാന്‍ റോയല്‍സിനെതിരെയാണ് കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ അടുത്ത മത്സരം. സെപ്റ്റംബര്‍ 28ന് ദുബായില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്സിന്‍റെ അടുത്ത മത്സരം.

Lets socialize : Share via Whatsapp