ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; പിറക്കാനിരിക്കുന്നത് നാല് റെക്കോര്‍ഡുകള്‍

by Sports | 24-09-2020 | 498 views

ദുബായ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ സൂപ്പര്‍ പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കോഹ്‌ലിപ്പട ഇന്നിറങ്ങുന്നത്. എന്നാല്‍, സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണത്തിലാണ് പഞ്ചാബ്. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലി കച്ചകെട്ടുമ്പോള്‍ ആദ്യ മത്സരത്തില്‍ പുറത്തിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന ആശ്വാസത്തിലാണ് പഞ്ചാബ് ക്യാമ്പ്.

ബാംഗ്ലൂര്‍ നിരയില്‍ വീണ്ടും എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരം ദേവ് ദത്ത് പടിക്കലിന്റെ പ്രകടനമാണ്. അരങ്ങേറ്റ മത്സരത്തില്‍ ഉജ്ജ്വല പ്രകടനമാണ് ദേവ് ദത്ത് കാഴ്ചവെച്ചിരുന്നത്. എബി ഡിവില്ല്യേഴ്‌സും ഫോമിലാണെന്നത് ബാംഗ്ലൂരിന് ആശ്വാസമേകുന്നു. നായകന്‍ വിരാട് കോഹ്‌ലി ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍ ആരാധകര്‍.

ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും കരുണ്‍ നായരും മായങ്ക് അഗര്‍വാളും ഉള്‍പ്പെടുന്ന പഞ്ചാബിന്റെ ബാറ്റിംഗ് നിര ശക്തമാണ്. എന്നാല്‍, ഗെയ്ല്‍ പുറത്തിരുന്ന ആദ്യ മത്സരത്തില്‍ മായങ്ക് ഒഴികെ ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോഡുള്ള ഗെയ്ല്‍ എത്തുന്നതോടെ ആദ്യ വിജയം സ്വപ്‌നം കണ്ടാണ് രാഹുലും ടീമും ഇന്ന് കളത്തിലിറങ്ങുക.

ഇന്ന് പിറക്കാനിരിക്കുന്നത് നാല് റെക്കോര്‍ഡുകള്‍; ചരിത്രം കുറിക്കുന്നത് ആരൊക്കെ?

ഐപിഎല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ പിറക്കാനിരിക്കുന്നത് നാല് റെക്കോര്‍ഡുകള്‍. ഇതുവരെ 24 തവണയാണ് ഐപിഎല്ലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇരു ടീമുകളും 12 വീതം ജയങ്ങള്‍ നേടി.

മത്സരത്തില്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതം. തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രീസില്‍ തീപാറുമെന്ന് ഉറപ്പ്. ഇരു ടീമുകളിലും പിറക്കാനിരിക്കുന്നത് റെക്കോര്‍ഡുകളും. ഇന്നത്തെ മത്സരത്തില്‍ 74 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 5,500 റണ്‍സ് എന്ന പുത്തന്‍ റെക്കോര്‍ഡ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്ലി. ട്വന്റി-20 യില്‍ 9000 റണ്‍സ് ക്ലബ്ബില്‍ കോഹ്ലി ഇടംനേടുമോ എന്നും ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നു. ടി-20 യില്‍ ഇതുവരെ 8,914 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്ന് 86 റണ്‍സ് നേടാനായാല്‍ 9,000 ക്ലബ്ബില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാക്കാം.

ടി-20 യില്‍ 400 സിക്സ് എന്ന മാന്ത്രിക നമ്പരിലേക്ക് എത്താന്‍ എബി ഡിവില്ലേഴ്സിന് ഇനി വേണ്ടത് ഒരു സിക്സര്‍ മാത്രം. ചരിത്ര സിക്സര്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം ഇന്ന് പറത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്രം പിറന്നാല്‍, 400 സിക്സ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡ് ഡിവില്ലേഴ്സിന് സ്വന്തം. കൂടാതെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ രാജ്യാന്തര താരവുമാകും ഡിവില്ലേഴ്സ്. ഐപിഎല്ലില്‍ 4500 ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വെറും 54 റണ്‍സ് മാത്രമാണ് ഡിവില്ലേഴ്സിന് വേണ്ടത്.

പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഐപിഎല്ലില്‍ 2000 റണ്‍സ് തികയ്ക്കാന്‍ രാഹുലിന് വേണ്ടത് വെറും രണ്ട് റണ്‍സ് മാത്രമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ തിളങ്ങാന്‍ രാഹുലിന് ആയിരുന്നില്ല.

ഐപിഎല്ലില്‍ നൂറാം വിക്കറ്റ് ലക്ഷ്യമിട്ടായിരിക്കും ആര്‍സിബി പേസര്‍ ഡെയില്‍ സ്റ്റെയിന്‍ ഇന്ന് ഇറങ്ങുന്നത്. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ സ്റ്റെയിനിന് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാം. ഇന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വിദേശ താരമെന്ന ബഹുമതി സ്റ്റെയിനിന് സ്വന്തമാക്കാം.

ഇവരെ കൂടാതെ മറ്റൊരു താരം കൂടി ഇന്ന് പുതിയ നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. പഞ്ചാബിനുവേണ്ടി 1,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 142 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് ഇനി വേണ്ടത്.

Lets socialize : Share via Whatsapp