ഉന്നത തസ്​തികകളില്‍ വിദേശികള്‍ക്ക്​ കാലപരിധി കൊണ്ടുവരാനൊരുങ്ങി ഒമാന്‍

by International | 23-09-2020 | 1563 views

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്​തികകളില്‍ വിദേശികള്‍ക്ക്​ കാലപരിധി ഏര്‍പ്പെടുത്താന്‍ ഒമാന്‍ ഒരുങ്ങുന്നു. കാലാവധി കഴിയു​മ്പോള്‍ ഈ തസ്​തികകള്‍ സ്വദേശികള്‍ക്ക്​ നല്‍കുന്നതിനാണ്​ പദ്ധതിയെന്ന്​ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ്​ നാസര്‍ അല്‍ ഹുസ്​നി പറഞ്ഞു. ഉന്നത തസ്​തികകളില്‍ വിദേശികള്‍ ദീര്‍ഘകാലം തുടരുന്നില്ലെന്ന്​ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മാണം നടന്നുവരുകയാണെന്നും പ്രാദേശിക റേഡിയോ ചാനലിന്​ നല്‍കിയ അഭിമുഖത്തില്‍ അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊഴില്‍ മാര്‍ക്കറ്റ്​ ക്രമപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ പുതിയ നിയമനിര്‍മാണം. കൂടുതല്‍ സ്വദേശികള്‍ക്ക്​ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്​ മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്​. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട്​ ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്നും നാസര്‍ അല്‍ ഹുസ്​നി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികള്‍ക്ക്​ അക്കാദമിക യോഗ്യതയ്ക്ക്​ അനുസരിച്ച്‌​ കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴില്‍ മന്ത്രാലയം എടുത്ത്​ കളഞ്ഞിരുന്നു. യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാല്‍ ഉണ്ടായിരിക്കണമെന്ന്​ മാത്രമാണ്​ പുതിയ നിയമം നിഷ്​കര്‍ഷിക്കുന്നത്​. കൂടുതല്‍ യൂനിവേഴ്​സിറ്റി ബിരുദധാരികള്‍ക്ക്​ തങ്ങളുടെ തൊഴില്‍ കരാറുകള്‍ മന്ത്രാലയത്തില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ്​ തൊഴില്‍ മന്ത്രാലയം കരുതുന്നത്​. നേരത്തേ സര്‍വകലാശാല ബിരുദധാരികള്‍ക്ക്​ 600 റിയാല്‍ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം നിഷ്​കര്‍ഷിച്ചിരുന്നത്​. അതിനാല്‍ 500 റിയാല്‍ വേതനമുള്ള ജോലി കണ്ടെത്തുന്നവര്‍ക്ക്​ മന്ത്രാലയത്തില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇനി ആ ബുദ്ധിമുട്ട്​ ഉണ്ടാകില്ലെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു.

സ്വദേശി തൊഴിലന്വേഷകരുടെ വേതന വിഷയത്തില്‍ മന്ത്രാലയത്തിന്​ യാതൊരു പങ്കാളിത്തവുമുണ്ടാകില്ലെന്ന്​ കഴിഞ്ഞ ദിവസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞിരുന്നു. സ്​ഥാപനവും തൊഴിലന്വേഷകരുമാണ്​ ഇൗ വിഷയത്തില്‍ ധാരണയില്‍ എത്തേണ്ടതെന്നുമാണ്​ സെക്രട്ടറി പറഞ്ഞത്​. വിദ്യാഭ്യാസ യോഗ്യതക്ക്​ അനുസരിച്ച്‌​ കുറഞ്ഞ വേതനം എന്ന നിയമം എടുത്ത്​ കളഞ്ഞത്​ വഴി സ്വദേശികള്‍ക്ക്​ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്.

Lets socialize : Share via Whatsapp