എയര്‍ ബബ്​ള്‍ കരാര്‍: എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

by Travel | 12-09-2020 | 3617 views

മനാമ: ഇന്ത്യയും ബഹ്​റൈനും തമ്മില്‍ എയര്‍ ബബ്​ള്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 13ന്​ ചെന്നൈയില്‍ നിന്നാണ്​ ആദ്യ വിമാനം എത്തുന്നത്​. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്​ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. ആദ്യ ദിവസം തന്നെ പല സര്‍വീസുകള്‍ക്കും സീറ്റ്​ മുഴുവന്‍ ബുക്ക്​ ചെയ്​ത്​ കഴിഞ്ഞു. ഗള്‍ഫ്​ എയര്‍ ഞായറാഴ്​ച മുതല്‍ ബുക്കിങ്​ ആരംഭിക്കുമെന്നാണ്​ സൂചന.

കൊച്ചിയില്‍ നിന്ന്​ മൂന്നും തിരുവനന്തപുരത്തു നിന്ന്​ രണ്ടും കോഴിക്കോട്​, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന്​ ഓരോ സര്‍വീസുമാണ്​ ആദ്യ ഘട്ടത്തിലുള്ളത്​. ഒരു വിമാനത്തില്‍ 90 യാത്രക്കാരെ കൊണ്ടുവരാനാണ്​ അനുമതിയുള്ളത്​. ഓരോ വിമാനക്കമ്പനിക്കും ആഴ്​ചയില്‍ 650 യാത്രക്കാരെയാണ്​ കൊണ്ടുവരാന്‍ കഴിയുക. ഒരു മാസം 2,600 പേരെ കൊണ്ടുവരാം.

എയര്‍ ബബ്​ള്‍ പ്രകാരം ബഹ്​റൈന്‍ പൗരന്‍മാര്‍ക്കും റസിഡന്‍റ്​ പെര്‍മിറ്റുള്ളവര്‍ക്കും ഇന്ത്യയില്‍ നിന്ന്​ ബഹ്​റൈനിലേക്ക്​ വരാന്‍ കഴിയും. ഇതിനുപുറമേ, ബഹ്​റൈനില്‍ സാധുവായ ഏത്​ വിസയുള്ള ഇന്ത്യക്കാര്‍ക്കും ഇങ്ങോട്ട്​ വരാം. ഇവര്‍ ബഹ്​റൈനിലേക്ക്​ മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്​. ടിക്കറ്റ്​ നല്‍കുന്നതിന്​ മുമ്പ്​ യാത്രക്കാര്‍ക്ക്​ യാത്രാ തടസ്സങ്ങളൊന്നുമില്ലെന്ന്​ ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തണം.

Lets socialize : Share via Whatsapp