ഖത്തറിനു മേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് മുതിര്‍ന്ന യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍

by International | 10-09-2020 | 2408 views

ദോഹ: മൂന്നുവര്‍ഷമായി ഖത്തറിനു മേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് മുതിര്‍ന്ന യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. യുഎസ് വിദേശകാര്യ വകുപ്പിന്റെ പശ്ചിമേഷ്യയിലെ ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് ഷെങ്കര്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബ്രൂക്കിംഗ്‌സിനോടാണ് ഇത് വ്യക്തമാക്കിയത്.

'മുഴുവന്‍ നയതന്ത്രത്തിലേക്കും കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ചില മുന്നേറ്റങ്ങള്‍ ഉണ്ട്. ഇത് ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശ്‌നത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും ഇപ്പോള്‍ സംഭവിച്ചിട്ടില്ല, ഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പോകുന്നു, അതിനാല്‍ ഇരു വശങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.' - ഷെങ്കര്‍ പറഞ്ഞു.

ഖത്തര്‍ 'ഭീകരതയെ' പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് മൂന്നു വര്‍ഷം മുന്‍പാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നിവ ഖത്തറിനെ ബഹിഷ്‌കരിക്കുകയും നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തത്.

Lets socialize : Share via Whatsapp