ഒക്​ടോബര്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന്​ ഒമാന്‍ എയര്‍; ആദ്യ ഘട്ട സര്‍വീസുകളുടെ പട്ടികയില്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങള്‍

by Travel | 09-09-2020 | 1681 views

മസ്​കത്ത്​: സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്ന ഒക്​ടോബര്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന്​ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. ആദ്യ ഘട്ട സര്‍വീസുകളുടെ പട്ടികയില്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളാണ്​ ഉള്ളത്​.

ഇന്ത്യയില്‍ ദല്‍ഹിയും കൊച്ചിയും മുംബൈയും പട്ടികയിലുണ്ട്​. ലണ്ടന്‍, ഇസ്​താംബൂള്‍, ഫ്രാങ്ക്​ഫര്‍ട്ട്​, കൈറോ, ദോഹ, ദാര്‍ ഇ സലാം, ദുബൈ, സാന്‍സിബാര്‍, ക്വാലാലംപൂര്‍, മനില, ലാഹോര്‍, ഇസ്​ലാമാബാദ്​ എന്നിവയാണ്​ പട്ടികയിലുള്ള മറ്റ്​ നഗരങ്ങള്‍. പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക്​ നീക്കുന്നതിന്​ അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ അന്തിമ തീരുമാനമെന്ന്​ ഒമാന്‍ എയര്‍ അറിയിച്ചു.

നിലവില്‍ സെപ്​റ്റംബര്‍ 30 വരെയാണ്​ ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. വിദേശ നഗരങ്ങള്‍ക്ക്​ പുറമെ ഖസബിലേക്കും സാധാരണ പോലെ സര്‍വീസ്​ ഉണ്ടാകുമെന്ന്​ ഒമാന്‍ എയര്‍ അറിയിച്ചു. കൂടുതല്‍ നഗരങ്ങളിലേക്ക്​ വൈകാതെ തന്നെ സര്‍വീസ്​ ആരംഭിക്കുകയും ചെയ്യും. യാത്രക്കാര്‍ ആത്​മവിശ്വാസത്തോടെ പറക്കുന്നുവെന്ന്​ ഉറപ്പുവരുത്തുന്നതിനായി യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സമഗ്രമായ സുരക്ഷാ നടപടിക്രമങ്ങളായിരിക്കും പാലിക്കുകയെന്ന്​ ഒമാന്‍ എയര്‍ അറിയിച്ചു. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലേക്കും പ്രവേശിക്കുമ്പോള്‍ മുഖാവരണം നിര്‍ബന്ധമായിരിക്കും.

വിമാനത്തിലേക്ക്​ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം ഉറപ്പാക്കും. ഓരോ ദിവസത്തെയും സര്‍വീസുകള്‍ അവസാനിക്കുമ്പോഴും വിമാനങ്ങള്‍ വൃത്തിയാക്കുകയും രോഗാണുമുക്​തമാക്കുകയും ചെയ്യും. കാബിന്‍ ക്രൂ അംഗങ്ങള്‍ പി.പി.ഇ കിറ്റ്​ അടക്കം സംരക്ഷിത ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ഭക്ഷണ വിതരണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്​. യാത്രക്കാരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര പുറപ്പെടുന്നവര്‍ വെബ്​സൈറ്റ്​ കാള്‍ സെന്‍റര്‍ വഴിയോ ട്രാവല്‍ ഏജന്‍റുമാര്‍ മുഖേനയോ റിസര്‍വേഷന്‍ ഉറപ്പുവരുത്തണം. യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.

Lets socialize : Share via Whatsapp