എമിറേറ്റിലെ എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍

by General | 31-08-2020 | 2021 views

അബുദാബി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മുഴുവന്‍ അമുസ്‌ലിം ആരാധനാലയങ്ങളും കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കി അബുദാബി. എമിറേറ്റിലെ എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പരമാവധി ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന പ്രാര്‍ഥനകള്‍ക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം പഴയത് പോലെ തുടരും.

സേവനങ്ങള്‍ പരമാവധി ഒരു മണിക്കൂറായി പരിമിതപ്പെടുത്തണം, വിശ്വാസികള്‍ പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. കുട്ടികളേയും മുതിര്‍ന്നവരേയും പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ വിദഗ്ധര്‍ക്കിടയില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കമ്മ്യൂണി ഡെവലപ്‌മെന്റ് വകുപ്പിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു.

ഗുരുതര രോഗമുള്ളവര്‍ ആരാധനാലയങ്ങളിലെത്താന്‍ പാടില്ല. തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന രേഖ എല്ലാ ആരാധനാലയങ്ങള്‍ക്കും നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

Lets socialize : Share via Whatsapp