വര്‍ഷങ്ങളായി അത്യാധുനിക സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും യുഎഇ-ക്ക് ഇസ്രായേല്‍ വില്‍പ്പന നടത്തി വരികയാണെന്ന വെളിപ്പെടുത്തലുമായി ഇസ്രായേലി ദിനപത്രം

by Abudhabi | 26-08-2020 | 1634 views

അബുദബി: ഇസ്രായേല്‍ എട്ടുവര്‍ഷത്തിലേറെയായി അത്യാധുനിക സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും യുഎഇ-ക്ക് വില്‍പ്പന നടത്തി വരികയാണെന്ന വെളിപ്പെടുത്തലുമായി ഇസ്രായേലി ദിനപത്രം 'യെദിനോത്ത് അഹ്‌റോനോത്ത്'. ഇസ്രായേല്‍-യുഎഇ നയതന്ത്രബന്ധം സാധാരണ നിലയിലാക്കി കൊണ്ട് അടുത്തിടെയുണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അത്യാധുനികമായ ആയുധങ്ങള്‍ യുഎഇ-ക്ക് വില്‍ക്കാന്‍ ആവശ്യമായ അനുമതി നല്‍കണമെന്ന് മൊസാദ് ഡയറക്ടര്‍ യോസി കോഹന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ പൊതു സുരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും പത്രത്തിന്റെ സൈനികകാര്യ ലേഖകന്‍ അലക്‌സ് ഫിഷ്മാന്‍ പറഞ്ഞു.

2010-ല്‍ ഹമാസ് നേതാവ് മുഹമ്മദ് അല്‍ മബ്ഹൂഹിനെ ദുബൈയിലെ ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അത്യാധുനികവും മാരക പ്രഹര ശേഷിയുള്ളതുമായ ആയുധങ്ങള്‍ ഇസ്രായേല്‍ യുഎഇ-ക്ക് വിറ്റതെന്ന് പത്രം പറയുന്നു. അക്കാലത്ത്, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്ക പരിഹാരത്തിന് മൊസാദ് ഡയറക്ടര്‍ തമീര്‍ പാര്‍ഡോ യുഎഇ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യണമെന്ന ഉപാധിയാണ് യുഎഇ മുന്നോട്ട് വച്ചതെന്നും പത്രം പറയുന്നു. തങ്ങള്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ക്കെതിരേ ഉപയോഗിക്കുമെന്ന പേടി മൂലം 2010 ന് മുമ്പ് യുഎഇ-യിലേക്ക് അത്യാധുനിക ആക്രമണായുധങ്ങള്‍ വില്‍ക്കുന്നത് ഇസ്രായേല്‍ നിരോധിച്ചിരുന്നു.

അതേസമയം, സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ സുരക്ഷാ കമ്പനിയായ എജിടി ഇന്റര്‍നാഷണലിന്റെ ഇസ്രായേല്‍ വ്യവസായി മാറ്റി കോച്ചാവിയുമായി ബന്ധമുള്ള ലോജിക് ഇന്‍ഡസ്ട്രീസ് 2008 മുതല്‍ യുഎഇ-യില്‍ സജീവമാണെന്നാണ് ഇസ്രായേലിലെ തന്നെ ദ മാര്‍ക്കര്‍ ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നത്. ദ മാര്‍ക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിരീക്ഷണ ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന സുരക്ഷാ സേവനങ്ങള്‍ക്കായി യുഎഇ-യുമായി 700 കോടി ഡോളറിന്റെ ഇടപാട് ഈ കമ്പനി നടത്തിയിട്ടുണ്ട്. വാഷിങ്ടണിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-യുഎഇ സമാധാന ധാരണ രൂപംകൊണ്ടതായി ആഗസ്ത് 13-നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

Lets socialize : Share via Whatsapp