സിനിമാ തിയേറ്ററുകള്‍ കര്‍ശന വ്യവസ്ഥകളോടെ തുറക്കാന്‍ അബുദാബിയില്‍ അനുമതി

by Entertainment | 21-08-2020 | 3836 views

അബുദാബി: അബുദാബിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ തുറക്കാന്‍ അനുമതി. തിയേറ്ററിനുള്ളിലും പുറത്തും കര്‍ശന സുരക്ഷാ വ്യവസ്ഥകള്‍ ഉറപ്പാക്കണം. തിയേറ്ററിനകത്ത് ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമേ അനുവദിക്കുകയുള്ളൂ. അതില്‍ക്കൂടിയാല്‍ പിഴയടക്കമുള്ള ശിക്ഷ ലഭിക്കും. അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

തിയേറ്ററിനുള്ളിലെ ഇരിപ്പിടങ്ങള്‍ തമ്മില്‍ വശങ്ങളിലും പിറകിലും മുന്‍പിലും അകലം ഉറപ്പാക്കണം. കുടുംബമായി എത്തുന്നവര്‍ക്കൊഴികെ ആര്‍ക്കും അടുത്തുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ അനുമതിയുണ്ടാവില്ല. ഓരോ സിനിമാ പ്രദര്‍ശനത്തിനും ശേഷം ചുരുങ്ങിയത് 20 മിനിറ്റ്റ്റ കഴിഞ്ഞാല്‍ മാത്രമേ അടുത്തതിന് അനുമതിയുള്ളൂ. ഈ സമയം കൊണ്ട് എല്ലാ ഇരിപ്പിടങ്ങളും പൂര്‍ണമായും അണുവിമുക്തമാക്കണം. തിയേറ്റര്‍ പരിസരം ഓരോ ദിവസവും പരിപാടികള്‍ക്ക് ശേഷം അണുവിമുക്തമാക്കണം.
ജീവനക്കാരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാവുകയും നെഗറ്റീവ് ഫലം ലഭിക്കുകയും വേണം. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനായി മാത്രമേ നടത്താവൂ.

സിനിമാ ലഘുലേഖകള്‍ വിതരണം ചെയ്യരുത്. പൊതു ടച്ച്‌ സ്ക്രീനുകള്‍ അടക്കമുള്ളവ ഒഴിവാക്കണം. സിനിമ കാണാന്‍ എത്തുന്നവര്‍ മുഖാവരണമടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളണം.

Lets socialize : Share via Whatsapp