ബെയ്‌റൂത്ത് സ്‌ഫോടനം; സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറാതെ ലബനാന്‍, അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് ഖത്തര്‍

by International | 05-08-2020 | 1728 views

ദോഹ: ബെയ്റൂത്ത് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന് അടിയന്തര മെഡിക്കല്‍ സഹായവുമായി ഖത്തര്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് ബുധനാഴ്ച രാവിലെയാണ് ലെബനനിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കാനായി വിമാനം അയച്ചത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമടങ്ങിയ അമീരി എയര്‍ഫോഴ്‌സിന്റെ ആദ്യവിമാനം ലെബനനിലെ റഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പോയത്. പൂര്‍ണ സജ്ജമാക്കിയ 500 കിടക്കകളുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ ഉള്‍പ്പെടുന്ന മൂന്ന് വിമാനങ്ങള്‍ കൂടി ലെബനനിലേക്ക് വൈദ്യസഹായം നല്‍കാന്‍ അയയ്ക്കുമെന്ന് ഖത്തര്‍ അറിയിച്ചു.

ബെയ്റൂത്തില്‍ ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിൽ മരണം 100 കടന്നിരുന്നു. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു.
സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂത്തിലുണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

2,750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എ എഫ് പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടര ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് ബെയ്‌റൂത്ത് ഗവര്‍ണര്‍ മര്‍വാന്‍ അബൗദ് പറഞ്ഞു. സ്‌ഫോടന കാരണം ഇപ്പോഴും വ്യക്തമല്ല.

ലബനാന്‍ സ്‌ഫോടനം 'യഥാര്‍ത്ഥ ദുരന്തം': വിശകലന വിദഗ്ധന്‍

തന്റെ ജീവിതത്തില്‍ ഇതിനുമുമ്പ് ഇത്തരത്തിലൊരു സ്‌ഫോടനം കണ്ടിട്ടില്ലെന്നാണ് ലെവന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡയറക്ടര്‍ സമി നാദര്‍ പറയുന്നത്. 'ഇതൊരു യഥാര്‍ത്ഥ ദുരന്തമാണ്. തങ്ങള്‍ കണ്ടത് മഹാദുരന്തമാണ്, 'സ്‌ഫോടനത്തിന്റെ വ്യാപ്തി, ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. ലബനാനിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് താന്‍ സാക്ഷിയാണ്. 2005ലെ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിക്കെതിരായ ബോംബാക്രമണത്തിനും മറ്റു രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടുള്ള മറ്റ് ബോംബാക്രമണങ്ങള്‍ക്കും ഞാന്‍ സാക്ഷിയായിരുന്നു, എന്നാല്‍, ഇത്തരത്തിലൊന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' -സമി നാദര്‍ പറഞ്ഞു.

പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലബനാനിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തി. 'എല്ലാ സാമൂഹിക, രാഷ്ട്രീയ, മത ഘടകങ്ങളുടെയും സമര്‍പ്പണത്തിലൂടെ ലബനാന്‍ അങ്ങേയറ്റം ദാരുണവും വേദനാജനകവുമായ ഈ നിമിഷത്തെ അഭിമുഖീകരിക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ അവര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും മാര്‍പ്പാപ്പ ആശംസിച്ചു. ഫ്രാന്‍സ് രക്ഷാപ്രവര്‍ത്തകരെയും ഉപകരണങ്ങളെയും അയക്കും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിദഗ്ധര്‍, 15 ടണ്‍ സാനിറ്ററി ഉപകരണങ്ങള്‍, പരിക്കേറ്റ 500 പേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ക്ലിനിക് എന്നിവയുമായി രണ്ടു രണ്ട് സൈനിക വിമാനങ്ങള്‍ ലബനാനിലേക്ക് അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

പാരീസിന് പുറത്തുള്ള ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിമാനം 55 സിവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി ബെയ്‌റൂട്ടില്‍ എത്തും. ലബനന്‍ തലസ്ഥാനത്തെ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിനായി ഒരു ഡസന്‍ അടിയന്തര ഉദ്യോസ്ഥരെ ഉടന്‍ ബെയ്‌റൂട്ടിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ബെയ്‌റൂത്ത് ഇരകളെ സഹായിക്കാന്‍ തുര്‍ക്കി സഹായ സംഘവും; ഫീല്‍ഡ് ആശുപത്രി വാഗ്ദാനം ചെയ്ത് ആങ്കറ

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കുടങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്തിവരുന്ന സംഘത്തില്‍ തുര്‍ക്കിയുടെ ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷനും (ഐഎച്ച്എച്ച്) ഉള്‍പ്പെടുന്നു. കൂടാതെഫീല്‍ഡ് ഹോസ്പിറ്റല്‍ പണിയാനും ആവശ്യാനുസരണം സഹായം നല്‍കാനും തുര്‍ക്കി മുന്നോട്ട് വന്നിട്ടുണ്ട്.

ഐക്യദാര്‍ഢ്യവുമായി പാകിസ്താന്‍

ബെയ്‌റൂത്തിനെ നടുക്കിയ വന്‍ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കടുത്ത ദുഖം രേഖപ്പെടുത്തി. വിലയേറിയ ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെയ്‌റൂത്തിലെ വന്‍ സ്‌ഫോടനങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ വല്ലാതെ വേദനയുണ്ടായെന്നും ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. ലബനാനിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.

ഇറാന്‍, ബ്രിട്ടന്‍, ആസ്‌ത്രേലിയ, സൈപ്രസ് തുടങ്ങി നിരവധി രാജ്യങ്ങള്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

Lets socialize : Share via Whatsapp