കോവിഡ് ഭീതിയൊഴിയുന്നു: യു.എ.ഇ -യില്‍ പുതിയ മന്ത്രിസഭായോഗം ചേർന്നു

by Dubai | 04-08-2020 | 2069 views

ദുബായ്: കോവിഡ് വ്യാപനത്തിന് ശമനമായതോടെ യു.എ.ഇ മന്ത്രിസഭയുടെ സാമൂഹിക അകലം പാലിച്ചുള്ള ആദ്യയോഗം തിങ്കളാഴ്ച ചേർന്നു. യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാ മന്ത്രിസഭായോഗങ്ങളും വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന് ശമനമായതോടെയാണ് നേരിട്ടുള്ള യോഗങ്ങൾ ചേരാൻ തീരുമാനിക്കുന്നത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ് യോഗം നടന്നത്.

ജൂലായിൽ മന്ത്രിസഭയിൽ വലിയമാറ്റങ്ങൾ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. നിരവധി മന്ത്രാലയങ്ങളും ഫെഡറൽ വകുപ്പുകളും ലയിപ്പിച്ചുള്ള മന്ത്രിസഭാ വികസനമായിരുന്നു നടന്നത്.

പുതിയ മന്ത്രിസഭയിൽ ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ 33 അംഗങ്ങളുണ്ട്. ധനകാര്യ വകുപ്പിന് മൂന്ന് മന്ത്രിമാരെ നിയമിച്ചതിന് പുറമെ വ്യവസായ വകുപ്പ് പുതിയതായി രൂപവത്‌കരിച്ച് അതിൽ സാങ്കേതിക മുന്നേറ്റം എന്ന വകുപ്പുകൂടി ചേർത്തു. രണ്ട് വർഷത്തിനുള്ളിൽ സർക്കാരിന്റെ പകുതി സേവനങ്ങളും ഡിജിറ്റലാക്കാനും തീരുമാനിച്ചിരുന്നു.

33 അംഗ മന്ത്രിസഭയിൽ ഒമ്പത് സ്ത്രീകളുണ്ട്. ഒരു വർഷത്തിനുള്ളിൽ ലക്ഷ്യങ്ങൾ നേടാനാണ് പുതിയ മന്ത്രിസഭാ വികസനത്തിന്റെ ഉദ്ദേശ്യം.

കോവിഡ് കാലത്ത് ദുബൈയില്‍ നിന്ന് രണ്ടേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കോവിഡ് പശ്ചാതലത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരില്‍ രണ്ടേമുക്കാല്‍ ലക്ഷം പേരെ നാട്ടിലെത്തിച്ചു. അഞ്ച് ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് എത്തിയത് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ്. അഞ്ചു ഷെഡ്യൂളുകളിലായി നൂറുകണക്കിന് വന്ദേഭാരത് വിമാനങ്ങളും സര്‍വീസ് നടത്തി.

നാട്ടിലേക്ക് തിരിച്ചവരിൽ ലക്ഷത്തിലേറെ മലയാളികൾ ഉൾപ്പെടും എന്നാണ് വിവരം. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. അഞ്ചുലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തതിൽ 2.75 ലക്ഷമാണ് മടങ്ങിയത്.

രജിസ്റ്റർ ചെയ്ത പലരെയും കോൺസുലേറ്റിൽനിന്ന് വീണ്ടും വിളിച്ചിരുന്നു. എന്നാൽ യു.എ.ഇയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ പലർക്കും മടങ്ങാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

വന്ദേ ഭാരത് മിഷൻ അഞ്ചാം ഷെഡ്യൂളിന്‍റെ ഭാഗമായി ആഗസ്റ്റ് 15 വരെ 90-ഓളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽ 36 എണ്ണം കേരളത്തിലേക്കാണ്. ഡൽഹി, ഗയ, വാരാണസി, അമൃത്സർ, ജയ്പൂർ, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലഖ്നോ തുടങ്ങിയ സ്ഥലങ്ങളിലേക്കും വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 16 മുതൽ 31 വരെ അടുത്ത ഷെഡ്യൂളിലും വിമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്ന് യു.എ.ഇ എയർലൈൻസുകളും സർവിസ് നടത്തുന്നുണ്ട്. എയർലൈനിന്‍റെ വെബ്സൈറ്റുകളിൽ നിന്നും ട്രാവൽ ഏജൻസികളിൽനിന്നും ആവശ്യക്കാർക്ക് ടിക്കറ്റ് ലഭിക്കും. ആഗസ്റ്റ് 10 കഴിഞ്ഞാൽ വിസയില്ലാതെ യു.എ.ഇയിൽ തങ്ങുന്നവർ പിഴ അടക്കേണ്ടി വരും.

കടുത്ത ചൂട് വകവെയ്ക്കാതെ സഞ്ചാരികൾ: ജബൽ ജെയ്‌സിലെത്തിയത് പതിനായിരങ്ങൾ

റാസൽഖൈമ: കനത്ത ചൂടിലും ബലിപെരുന്നാൾ അവധിയിൽ യു.എ.ഇ-യിലെ ഏറ്റവും വലിയ പർവത നിരയായ റാസൽഖൈമ ജബൽ ജെയ്‌സിലേക്ക് എത്തിയത് ആയിരങ്ങൾ. കോവിഡ് ഭീതി വിട്ടകന്നതോടെയാണ് ഇവിടേയ്ക്ക് സന്ദർശകരുടെ തിരക്കേറിയത്. നാല് ദിവസത്തെ അവധിയിൽ 10,000-ത്തിലേറെ വാഹനങ്ങൾ ഇവിടെയെത്തി. സഖർ പൊതുപാർക്കിലേക്കും കുടുംബങ്ങളേറെയെത്തി. 300-ലേറെ വാഹനങ്ങളും സന്ദർശകരും ഇവിടെയെത്തിയതായി അധികൃതർ പറഞ്ഞു. ജബൽ ജെയ്‌സിൽ പൊതുവെ ചൂട് കുറഞ്ഞ അന്തരീക്ഷമായിരുന്നത് സന്ദർശകർക്ക് ആശ്വാസമായി.

സമുദ്രനിരപ്പിൽ നിന്ന്‌ 1,910 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവതനിര വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികൾ കോവിഡ് മുൻകരുതൽ നടപടികൾ കൃത്യമായി പാലിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ കമ്യൂണിറ്റി പോലീസ് പ്രദേശങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തിയിരുന്നു.

ഭാവിയിൽ ജബൽ ജെയ്‌സിലേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ പുതിയ റോഡ് നിർമാണം പൂർത്തിയായി വരികയാണ്. വാദി ഹക്കീൽ ഭാഗത്തായാണ് പുതിയ റോഡ് വരുന്നത്. അടുത്തിടെയുണ്ടായ കനത്തമഴയിൽ തകർന്ന വാദി അൽ ബീഹ് റോഡിന് പകരമായി ഈ പുതിയ റോഡ് പ്രവർത്തിക്കുമെന്ന് റാസൽഖൈമ ജനറൽ സർവീസസ് ഡിപ്പാർട്‌മെന്‌റ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഹമ്മദി പറഞ്ഞു. ജബൽ ജെയ്‌സിന് സമാന്തരമായാണ് ഈ താഴ്‌വാര പാത വികസിപ്പിക്കുന്നത്. മഴക്കാലത്ത് സാധാരണയുണ്ടാകുന്ന റോഡ് തകർച്ചകൾക്ക് ഇതോടെ അറുതിയാവുമെന്നാണ് പ്രതീക്ഷ.

ജബൽ ജെയ്‌സ് റോഡ് പ്രതിദിനം 2,000-ത്തോളം സന്ദർശകരാണ് ഉപയോഗിക്കുന്നത്. വാരാന്ത്യങ്ങളിൽ 35,000-ത്തോളം വാഹനങ്ങളും ഇതിലൂടെ കടന്നുപോകാറുണ്ട്. ഗതാഗത നിരീക്ഷണത്തിനും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണമെടുക്കുന്നതിനുമായി സ്മാർട്ട് ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഗേറ്റ് സജ്ജീകരിച്ചതായി അൽ ഹമ്മദി വ്യക്തമാക്കി.

Lets socialize : Share via Whatsapp