ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള പുതിയ ക്വാറന്‍റൈന്‍ പോളിസി...?

by International | 04-08-2020 | 1740 views

കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കായി പുറത്തിറക്കിയ പ്രത്യേക ക്വാറന്‍റൈന്‍ പോളിസി പ്രാബല്യത്തില്‍ വന്നു. യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് യാത്ര ചെയ്യാനാകൂ. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അംഗീകൃത ടെസ്റ്റിങ് സെന്‍ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ സ്വന്തം ചിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.

ഓഗസ്റ്റ് ഒന്ന് മുതലാണ് ഖത്തറില്‍ വിസയുള്ള വിദേശികള്‍ക്ക് വിവിധ നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഭരണകൂടം അറിയിച്ചത്. ഇതിനായി കോവിഡ് അപകട സാധ്യത കുറഞ്ഞ 40 രാജ്യങ്ങളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നയാത്രക്കാര്‍ പാലിക്കേണ്ട പ്രത്യേക ക്വാറന്‍റൈന്‍ പോളിസിയാണ് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് പുറത്തിറക്കിയത്.

സര്‍ക്കാര്‍ അംഗീകൃത കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഈ സാഹചര്യത്തില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാനാവുക. രാജ്യത്തെത്തി ഏഴ് ദിവസത്തിനകം കോവിഡ് ടെസ്റ്റ് നടത്തിക്കോളാമെന്ന പ്രതിജ്ഞാ പത്രം ഒപ്പിട്ട് സമര്‍പ്പിക്കുകയും വേണം. ദോഹ വിമാനത്താവളത്തില്‍ ഇറങ്ങുന്നതോടെ അവരവരുടെ സ്മാര്‍ട്ട് ഫോണില്‍‌ ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കണം. വിമാനത്താവളത്തില്‍ നിന്ന് ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ ക്യൂ ആര്‍ കോഡായിരിക്കും തെളിയുക.

ഒരാഴ്ചക്കുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ പച്ച ക്യൂആര്‍ കോഡ് കാണിക്കൂ. അതേസമയം ഖത്തര്‍ പ്രസിദ്ധീകരിച്ച കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലെങ്കിലും വിമാനസര്‍വീസുണ്ടെങ്കില്‍ നിബന്ധനകളോടെ തിരിച്ചുവരാം.

ഇന്ത്യയെ പോലുള്ള കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അംഗീകൃത ടെസ്റ്റിങ് സെന്‍ററുകളില്‍ നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മറ്റുള്ളവരെ പോലെ തന്നെ യാത്ര ചെയ്യാം. ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈനില്‍ തന്നെ കഴിഞ്ഞാലും മതി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് അംഗീകൃത കോവിഡ് ടെസ്റ്റ് സെന്‍ററുകളില്‍ നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സ്വന്തം ചിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.

ഡിസ്കവര്‍ ഖത്തറിന്‍റെ വെബ് സൈറ്റ് വഴിയാണ് ഹോട്ടലുകള്‍ തെരഞ്ഞെടുക്കേണ്ടത്. രണ്ടാഴ്ച വീതം കൂടുമ്പോള്‍ കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കും. ഈ ലിസ്റ്റില്‍ ഇടം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ സർവീസുകള്‍ പുനഃസ്ഥാപിക്കപ്പെടും.

Lets socialize : Share via Whatsapp