അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി; ചുട്ടുപൊള്ളി സൗദി, കുവൈത്ത് കൊടും വേനലിലേക്ക്

by International | 04-08-2020 | 1097 views

ജിദ്ദ: സൗദിയില്‍ വേനല്‍ ചൂട് ശക്തമായി. കിഴക്കന്‍ പ്രവശ്യയില്‍ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി വരെയായി ഉയര്‍ന്നു. എന്നാല്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. അടുത്ത ഒരാഴ്ച കൂടി ഇവിടങ്ങളില്‍ പേമാരിക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തപ്പെട്ടത് സൗദിയിലാണ്. അല്‍ഖസ്സീം സര്‍വകലാശാല കാലാവസ്ഥാ വിഭാഗം പ്രഫസര്‍ ഡോ.അബ്ദുല്ല അല്‍ മിസ്‌നദാണ് ഇക്കാര്യം അറിയിച്ചത്. ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ട് പരിസരങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50 ഡിഗ്രി. തൊട്ടടുത്ത പ്രദേശമായ അല്‍ഹസ്സയില്‍ 49.8 ഡിഗ്രിയും അല്‍ഖൈസുമാഇല്‍ 49 ഡിഗ്രിയും, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 48.8 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരും.

എന്നാല്‍ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നാളെ മുതല്‍ ശനിായഴ്ച വരെ മഴ ശക്തമാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അസീര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. നാളെയും മറ്റന്നാളുമാണ് മക്കയില്‍ തീവ്രമഴക്ക് സാധ്യത. മഴക്കൊപ്പം 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സിവില്‍ ഡിഫന്‍സ്, ട്രാഫിക് വിഭാഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

കുവൈത്ത് കൊടും വേനലിലേക്ക്; ഉയര്‍ന്ന താപനില 52.5 ഡിഗ്രിയിലേക്ക് ഉയര്‍ന്നു

കുവൈത്തില്‍ ഓഗസ്റ്റ് തുടക്കത്തിൽ തന്നെ ഉയർന്ന താപനിലയാണ് വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. താപനില 53 ഡിഗ്രിയിലേക്ക് ഉയർന്നു. രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ 15 പ്രദശങ്ങളിൽ 8 എണ്ണവും കുവൈത്തിലായിരുന്നു. ഇറാഖ്, സൗദി അറേബ്യാ, ഇറാൻ എന്നിവയാണ് മാറ്റു രാജ്യങ്ങൾ. ഇവയിൽ ഏറ്റവും ഉയർന്ന താപനില സുലൈബിയയിലായിരുന്നു, 52.45 ഡിഗ്രി.

ജനങ്ങൾ കരുതിയിരിക്കണമെന്നും സൂര്യ രശ്മി നേരിട്ട് പതിക്കുന്നത് ഒഴിവാക്കണമെന്നും, ഉച്ചസമയം പുറം ജോലി കർശനമായും ഒഴിവാക്കി ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Lets socialize : Share via Whatsapp