ഐപിഎല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍; ഉദ്ഘാടന മത്സരം സെപ്തംബര്‍ 19ന്

by Sports | 03-08-2020 | 1871 views

ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാകും ടൂര്‍ണമെന്റ്. ഗവേണിങ് കമ്മിറ്റി യോഗത്തിന് ശേഷം ബിസിസിഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലിയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

യു.എ.ഇയിലെ മൂന്ന് വേദികളില്‍ 53 ദിവസം നീണ്ടുനില്‍ക്കുന്നതാകും ടൂര്‍ണമെന്റ്. ആദ്യ ഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. പിന്നീട് യു.എ.ഇ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവേശന കാര്യത്തില്‍ തീരുമാനമാകും. ഒരു ടീമില്‍ പരമാവധി 24 താരങ്ങള്‍ക്കാണ് അനുമതി. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം താരത്തെ ഉള്‍പ്പെടുത്താം. ഓഗസ്ത് 26ന് ശേഷം ടീമുകള്‍ യു.എ.ഇ-യിലേക്ക് തിരിക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാകും മത്സരങ്ങള്‍ ആരംഭിക്കുക. സെപ്തംബര്‍ 19ന് തുടങ്ങുന്ന മത്സരക്രമങ്ങള്‍ അനുസരിച്ച് നവംബര്‍ പത്തിനാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഞായറാഴ്ച ദിവസത്തെ മാറ്റിനിര്‍ത്തി മറ്റൊരു ദിവസം ഫൈനല്‍ നടക്കുന്നത്. യു.എ.ഇയില്‍ നടത്തുന്ന ഐപിഎല്‍ എഡിഷനില്‍ ചൊവ്വാഴ്ചയാണ് ഫൈനല്‍ മത്സരം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ടൂര്‍ണമെന്റിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നാളെ പ്രത്യേക യോഗം ചേരും.  സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാകും ടൂര്‍ണമെന്റ്. ഐപിഎല്‍ മുഖ്യ സ്പോണ്‍സറായി ചൈനീസ് കമ്പനിയായ വിവോ തുടരും.

Lets socialize : Share via Whatsapp