ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായി; മിനായില്‍ നിന്നും ഹാജിമാര്‍ മടങ്ങുന്നു

by General | 02-08-2020 | 723 views

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനായില്‍ നിന്നും ഹാജിമാര്‍ മടങ്ങുന്നു. ഞായറാഴ്ച്ച ളുഹ്റിന് ശേഷം മൂന്ന് ജംറകളിലും അവസാനത്തെ കല്ലേറ് കര്‍മം നിര്‍വഹിച്ച തീര്‍ത്ഥാടകര്‍ സന്ധ്യക്കു മുന്‍പായി മിനായില്‍ നിന്നും വിടവാങ്ങും. അതോടെ ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും.

പിന്നീട് മക്കയില്‍ വിശുദ്ധ കഅബ പ്രദക്ഷിണം അഥവാ വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കും. മിന താഴ്‌വരയോട് വിടചൊല്ലി വികാര നിര്‍ഭരമായി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയോടെയാണ് ഹാജിമാര്‍ മടങ്ങുന്നത്. കോവിഡ് കാലത്തെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു മുഴുവന്‍ കര്‍മങ്ങളും ഹാജിമാര്‍ നിര്‍വഹിച്ചത്. ഇനി ഹാജിമാര്‍ ഏഴു ദിവസം കോറന്റൈനില്‍ കഴിയണമെന്ന് ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാര്‍ക്കും തന്നെ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Lets socialize : Share via Whatsapp