യുഎഇ - യിലേക്ക് മടങ്ങാന്‍ രാജ്യങ്ങളുടെ അംഗീകൃത ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം മതി

by General | 02-08-2020 | 789 views

അബുദാബി: പ്രവാസികള്‍ക്ക് യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയ നിബന്ധനയില്‍ ഇളവ്. ഇനി യുഎഇ-യിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പിസിആര്‍ പരിശോധന നടത്തിയതിന്‍റെ ഫലം മതി. 

എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുഎഇ-യിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശമാണിത്.  മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം കേരളത്തിലെ ഏഴ് ലാബുകളില്‍ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം വന്നതോടെ ഇരുപതോളം ലാബുകളിലെ കൊവിഡ് പരിശോധനാഫലം വിമാനത്താവളങ്ങളില്‍ സ്വീകരിക്കും.

പ്യുവര്‍ ഹെല്‍ത്ത് ഗ്രൂപ്പിന്‍റെ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലമായിരുന്നു യുഎഇ-യിലേക്ക് മടങ്ങുന്നതിനായി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ ഫലം വേണമെന്ന നിബന്ധനയുള്ളതിനാല്‍ യാത്രയുടെ തൊട്ട് മുമ്പത്തെ ദിവസം ഒരുപാട് അകലെയുള്ള സ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുക പ്രവാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) അംഗീകരിച്ച ലാബുകളിലെ പിസിആര്‍ പരിശോധനാഫലമുണ്ടെങ്കില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇ-യിലേക്ക് മടങ്ങാം. 

Lets socialize : Share via Whatsapp