
അബുദാബി: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ നേട്ടം കൈവരിച്ച് യുഎഇ. കോവിഡ് -19 കേസുകള്‍ കണ്ടെത്തുന്നതിന് വിമാനത്താവളങ്ങളില്‍ K9 പോലീസ് നായ്ക്കളുടെ സേവനം വിജയകരമായി ഉപയോഗിച്ചതാണ് ഈ പുതിയ നേട്ടം. മറ്റ് രാജ്യങ്ങളില്‍ ഇപ്പോഴും പരിശീലന ഘട്ടത്തിലുള്ള ഈ രീതിയാണ് ലോകത്തില്‍ ആദ്യമായി യു എ ഇ പരീക്ഷിച്ചു വിജയിച്ചത്.
നായ്ക്കളും പരിശോധനയ്ക്ക് വിധേയരാകുന്ന വ്യക്തികളും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കിയാണ് ഈ പുതിയ രീതി നടപ്പിലാക്കുന്നത്. നായ്ക്കളുടെ ഘ്രാണശക്തിയുടെ അഭൂതപൂര്‍വമായ ശേഷിയെ ഉപയോഗപ്പെടുത്തി ഷോപ്പിംഗ് മാളുകള്‍, ഇവന്റുകള്‍, വിമാനത്താവളങ്ങള്‍, മറ്റ് സുപ്രധാന മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് വിജയകരമാക്കാന്‍ യുഎഇ-യ്ക്ക് സാധിച്ചു. പോലീസ് പട്രോളിംഗിലും ഈ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
രാജ്യത്തേക്ക് വരുന്നവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ അവരുടെ കക്ഷത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പ്രത്യേക ടീമുകള്‍ വിമാനത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച നായയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തി രോഗബാധിതനാണോ അല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ തുറക്കുകയും ഫ്ലൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍, വിമാനത്താവളത്തില്‍ ഇത് ഏറെ ഗുണം ചെയ്യും.