'അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ' ബലിപെരുന്നാള്‍ ആശംസിച്ച്‌ ദുബായ് ഭരണാധികാരി

by General | 31-07-2020 | 967 views

ദുബായ്: യു.എ.ഇയിലെ ജനങ്ങള്‍ക്ക് 'അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ' ബലിപെരുന്നാള്‍ ആശംസിച്ച്‌ ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂം. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഏവര്‍ക്കും 'ഈദുല്‍ അദ്‌ഹ' ആശംസകള്‍ പകര്‍ന്നത്.

'ഈദ് മുബാറക്! ഏവര്‍ക്കും സന്തോഷദായകവും അനുഗ്രഹീതവുമായ ഈദ് ആശംസകള്‍. പരമകാരുണ്യവാനായ അള്ളാഹു നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഭാവിയെയും നന്മ കൊണ്ടും സമൃദ്ധി കൊണ്ടും അനുഗ്രഹിക്കട്ടെ. ആരോഗ്യം, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മിലേക്ക് വന്നുചേരട്ടെ.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്ച മുതലാണ് യു.എ.ഇയിലും കേരളത്തിലും ബലിപെരുന്നാളാഘോഷം നടക്കുക. കൊവിഡ് രോഗബാധയുടെ സാഹചര്യം കണക്കിലെടുത്ത് വളരെ കുറച്ചുപേര്‍ മാത്രമാകും ഇപ്രാവശ്യം ഹജ് നിര്‍വഹിക്കുന്നതിനായി എത്തുകയുള്ളൂ. ലോകത്തിന് മുഴുവന്‍ മഹാമാരിയില്‍ നിന്ന് മോചനം തേടിയാണ് ഇത്തവണത്തെ ഹജ് നടക്കുക.

Lets socialize : Share via Whatsapp