ഹജ്ജ് സേവനത്തിനായി മക്കയില്‍ വനിതാ പൊലീസും

by International | 30-07-2020 | 838 views

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ വനിതാ പൊലീസും മക്കയില്‍ സേവനം തുടങ്ങി. രണ്ട് വനിതകളാണ് ഹജ്ജ് സേവനത്തിനായി പൊലീസ് സേനയുടെ ഭാഗമായി എത്തിയത്. ഹജ്ജ് സേവനത്തിനായി നിയോഗിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. അഫ്‌നാന്‍ മുഹമ്മദ്‌ അബൂ ഹുസൈന്‍, അരീജ് ഹുസൈന്‍ നജ്മി എന്നീ യുവതികളാണ് മക്കയില്‍ തങ്ങളുടെ ദൗത്യം ഏറ്റെടുത്തത്.

ഇതാദ്യമായാണ് രാജ്യത്ത് ഹജ്ജ് സേവനത്തിന് വനിതകള്‍ സൌദി പോലീസ് സേനയുടെ ഭാഗമായെത്തുന്നത്. ഇംഗ്ലീഷ് ബിരുദധാരിയായ അരീജ് കുവൈത്ത് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകളാണ്. പിതാവിന്റെ പാത പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സേനയില്‍ അംഗമായതെന്ന് അരീജ് പറഞ്ഞു. സൗദിയിലെ ആദ്യ വനിതാ മിലിട്ടറി ബാച്ച്‌ വഴിയാണ് അഫനാന്‍ പൊലീസ് സേനയിലെത്തുന്നത്. ഹജ്ജ് സേവനത്തിനെത്താനായതില്‍ സന്തോഷമുണ്ടെന്നും, സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ ഹജ്ജ് വേളയില്‍ മുഴുസമയവും ജാഗ്രതയോടെ സേവന രംഗത്തുണ്ടാകുമന്നും അഫനാന്‍ പറഞ്ഞു

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. 1,800 നും താഴെയാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. 62,000 ടെസ്റ്റുകളിലാണ് ഇത്ര പുതിയ കേസുകള്‍. അതേ സമയം, രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു. സൗദിക്കാശ്വാസമായി ദിവസങ്ങളായി തുടരുന്ന രോഗികളുടെ എണ്ണത്തിലെ കുറവ് ഇന്നും നിലനിര്‍ത്തി. രോഗ വ്യാപനം നിയന്ത്രണവിധേയമായതിനു ശേഷം ഇന്ന് ആദ്യമായി പോസിറ്റീവ് കേസുകള്‍ ആയിരത്തിയെണ്ണൂറിനും താഴെയെത്തി. മരണ സംഖ്യയിലും ക്രമാതീതമായ കുറവ് ഇന്നും രേഖപ്പെടുത്തി. 27 പേരാണ് വിവിധ പ്രവിശ്യകളിലായി മരിച്ചത്.

Lets socialize : Share via Whatsapp