ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ട യു.എ.ഇ എയര്‍ബേസിന് സമീപത്തേക്ക് ഇറാന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ട്

by Abudhabi | 29-07-2020 | 1667 views

അബുദാബി: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട ഇന്ത്യയുടെ റാഫേല്‍ പോര്‍വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന യുഎഇയിലെ അല്‍ ദഫ്ര എയര്‍ബേസിനു സമീപം ഇറാനിയന്‍ മിസൈലുകള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമായിരുന്നു ഇത്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദഫ്ര താവളത്തില്‍ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.

ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെയും യു.എ.ഇയിലെയും എയര്‍ബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 28 ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.

ഇറാനിലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി (ചൊവ്വാഴ്ച) 3 ഇറാനിയന്‍ മിസൈലുകള്‍ എയര്‍ ബേസിനു സമീപം കടലില്‍ പതിച്ചതായി ടോംലിന്‍സണ്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ രണ്ട് വ്യോമത്താവളങ്ങളിലെ യു.എസ് സൈനികരും വിമാനങ്ങളും ജാഗ്രത പാലിച്ചതായും ഒരു ട്വീറ്റില്‍ ടോംലിന്‍സണ്‍ പറഞ്ഞു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ കുതന്ത്രത്തെ യു.എസ് നാവികസേന അപലപിച്ചുവെന്ന് ബി.ബി.സി ലേഖിക നഫീസെ കോഹ്നാവാര്‍ഡ് ട്വീറ്റ് ചെയ്തു. ഇത് നിരുത്തരവാദപരവും അശ്രദ്ധവുമെന്നാണ് ഇറാന്‍ നടപടിയെ യു.എസ് നേവി വിശേഷിപ്പിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സി (ഐആര്‍ജിസി) ന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ കാരണം യു.എ.ഇയിലെ അല്‍ ദാഫ്ര ബേസിലെ സൈനികരോട് ബങ്കറുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ അഭ്യാസം വെളിച്ചത്തുവന്നത്.

Lets socialize : Share via Whatsapp