ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി; വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം

by General | 28-07-2020 | 1053 views

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10,000 തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ മക്കയും പരിസരങ്ങളുമെല്ലാം പൂര്‍ണസജ്ജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജാജിമാര്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ നാളെ മിനയിലേക്ക് പുറപ്പെടും. അതിനു മുമ്പായി കര്‍നല്‍ മനാസില്‍ എന്ന മീക്കാത്തില്‍ (അതിര്‍ത്തി) പോയി ഇഹ്‌റാം ചെയ്യും. തീര്‍ത്ഥാടകര്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഹജ്ജിനും ഉംറയ്ക്കും ഇഹ്‌റാം ചെയ്യുന്ന അഥവാ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന സ്ഥലങ്ങളാണ് മീക്കാത്ത് എന്നറിയപ്പെടുന്നത്.

സാധാരണയായി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇഹ്‌റാം ചെയ്യാന്‍ അഞ്ച് മീക്കാത്തുകളാണുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് എല്ലാവരും ഒരു മീക്കാത്തില്‍ നിന്ന് ഇഹ്‌റാം ചെയ്യുന്നത്. 160 രാജ്യങ്ങളിലെ തീര്‍ത്ഥാടകരാണ് ഒറ്റ മീക്കാത്തില്‍ നിന്ന് ഇഹ്‌റാം കെട്ടുക. മക്കയുടെ പുറത്ത് നിന്നെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അഞ്ച് മീകാത്തുകളുണ്ട്. ഈ മീകാത്തുകളില്‍ വച്ചോ മക്കയില്‍ എത്തുന്നതിന് മുമ്പോ കുളിച്ച്‌ പ്രത്യേക വസ്ത്രം ധരിച്ച്‌ നമസ്‌കാരം തുടങ്ങി കര്‍മങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുക.

മിനായിലേക്കും ഹറമിലേക്ക് ഹാജിമാര്‍ക്ക് താമസിക്കാനുള്ള ടണലുകളും വഴികളും സൗദി ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ പൂര്‍ണമായും അണുവിമുക്തമാക്കി. അറഫാദിനം കഴിഞ്ഞ് കഅബയ്ക്കരികിലേക്ക് ഹാജിമാര്‍ തവാഫിനെത്തും. ഇതുകഴിഞ്ഞാണ് മിനായിലേക്ക് മടങ്ങേണ്ടത്. മിനായിലേക്കുള്ള എളുപ്പവഴികളാണ് ടണലുകള്‍. ഇവിടുത്തെ അവസാന അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടണല്‍ വഴി ഇനി മറ്റു വാഹനങ്ങള്‍ അനുവദിക്കില്ല. ഹാജിമാര്‍ക്ക് മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക.

Lets socialize : Share via Whatsapp