2032 - ലെ ഒളിംപിക്സ് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഖത്തര്‍; ഖത്തറിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് ഐഒസി

by Sports | 27-07-2020 | 1144 views

ദോഹ: രാജ്യത്ത് സമ്മര്‍ ഒളിംപിക്സ് വേദി അനുവദിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച്‌ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ ഖത്തര്‍ സമീപിച്ചതായും ഖത്തര്‍ ഒളിംപിക് കമ്മിറ്റി അപേക്ഷ സമര്‍പിച്ചതായും 'അല്‍ ജസീറ'യുടെ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ നിരന്തരമായി ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2032ലെ ഒളിംപിക്സ് വേദിക്കായാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നാണ് വിവരം. 2016 ഒളിംപിക്സിനും ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സിനുമുള്ള വേദിക്കായി ഖത്തര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്വാഗതം ചെയ്തു. ഖത്തറിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും ഒളിംപിക്സ് വേദി സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വരുന്ന ഏറ്റവും പുതിയ രാജ്യമാണ് ഖത്തറെന്നും ഐഒസിയുടെ പ്രസ്താവനയില്‍ പറയുന്നു.

2032ലെ ഒളിംപിക്സ് വേദി ഖത്തറിന് സ്വന്തമാക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളിലൊന്നില്‍ നടക്കുന്ന ആദ്യ ഒളിംപിക്സാവും അത്. 2022ല്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് ഖത്തറാണ്. ഗള്‍ഫ് രാജ്യത്ത് നടക്കാനിരിക്കുന്ന ആദ്യ ലോകകപ്പാണ് 2022ലേത്.

2024, 2028 ഒളിംപിക്സുകള്‍ക്കായുള്ള വേദികള്‍ ഇതിനകം തിരഞ്ഞെടുത്തിരുന്നു. 2024ല്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും 28ല്‍ യുഎസിലെ ലോസ് ആഞ്ചലസിലുമാണ് സമ്മര്‍ ഒളിംപിക്സ് നടക്കുക. 2032ലെ ഒളിംപിക് വേദി ദോഹയില്‍ ലഭിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്.

ബ്രസീലിലെ റിയോ ഡി ജനെയ്റോയിലായിരുന്നു 2016 ഒളിംപിക്സ്. ജാപ്പനീസ് തലസ്ഥാനം ടോക്യോയിലാായിരുന്നു ഈ വര്‍ഷത്തെ ഒളിംപിക്സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.

Lets socialize : Share via Whatsapp