കുവൈറ്റില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുന്നു; നാളെ മുതല്‍ രാത്രി കര്‍ഫ്യു മാത്രം

by International | 27-07-2020 | 971 views

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുന്നു. നാളെ മുതല്‍ രാത്രി കര്‍ഫ്യു മാത്രമാകും നിലവിലുണ്ടാവുക. മൂന്ന് മാസത്തിലേറെയായി തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചത് പ്രവാസി തൊഴിലാളികള്‍ക്കും ആശ്വാസമായി. പ്രദേശം വിട്ട്​ പുറത്തുപോകാന്‍ കഴിയാത്തതിനാല്‍ ഏറെപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്​.

മറ്റു പ്രദേശങ്ങളിലെ കമ്പനികളില്‍ ജോലിയെടുക്കുന്നവരാണ് പുറത്തുപോകാന്‍ കഴിയാതെ വലഞ്ഞത്. സര്‍ക്കാറും സന്നദ്ധ സംഘടനകളും നല്‍കിയിരുന്ന ഭക്ഷണക്കിറ്റുകളായിരുന്നു പലര്‍ക്കും തുണ. ലോക്ഡൗണ്‍ നിലവിലുണ്ടായിരുന്ന ഏക പ്രവിശ്യയായ ഫര്‍വാനിയയും സ്വതന്ത്രമായതോടെ കുവൈറ്റ് ഇനി ലോക്ഡൗണ്‍ മുക്തം. അതേസമയം, രാജ്യവ്യാപകമായി രാത്രികാല കര്‍ഫ്യൂ കുറച്ചുദിവസം കൂടി തുടരും.

അതിനിടെ ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിലേക്ക് കൂടി കുവൈറ്റ് എയര്‍വേയ്സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഖത്തര്‍, അസര്‍ബൈജാന്‍, ബോസ്‍നിയ ആന്‍ഡ് ഹെര്‍സഗോവിന, പാക്കിസ്ഥാന്‍, സ്പെയിന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് കൂടിയാണ് ഇന്ത്യയെ കൂടാതെ ബുക്കിങ് ആരംഭിച്ചത്. ഇന്ത്യയിലേക്ക്​ രണ്ടാഴ്ച മുമ്പ്​ ബുക്കിങ്​ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം യാത്രക്കാര്‍ക്കായി കുവൈറ്റ് വ്യോമയാന വകുപ്പ് പ്രത്യേക​ ആപ്ലിക്കേഷന്‍ പുറത്തിറക്കി.​ കുവൈറ്റില്‍ നിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രയ്ക്ക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്​.

Lets socialize : Share via Whatsapp