സൗദിക്ക് പുറത്തുള്ളവരുടെയും, സൗദിയിലുള്ളവരുടെയും ഇഖാമകൾ സൗജന്യമായി പുതുക്കൽ ആരംഭിച്ചു

by International | 27-07-2020 | 1099 views

ജിദ്ദ: സൗദിക്ക് പുറത്തുള്ളവരുടെയും സൗദിക്കകത്തുള്ളവരുടെയും ഇഖാമകൾ സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കൽ ആരംഭിച്ചു. ഓട്ടോമാറ്റിക്കായാണ് ഇഖാമകൾ പുതുക്കുന്നത്.

കൊറോണ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയ്ക്കുണ്ടായ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനായി സൗദി ഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് വിദേശ തൊഴിലാളികളുടെ ഇഖാമകൾ പുതുക്കി നൽകുന്നത്.

ഇഖാമകളും റി-എൻട്രിയിൽ പോയവരുടെ റി-എൻട്രി വിസയും വിസിറ്റിംഗിൽ വന്ന് കുടുങ്ങിയവരുടെ വിസിറ്റിംഗ് വിസകളും സൗജന്യമായി ഓട്ടോമാറ്റിക്കായി പുതുക്കുമെന്നായിരുന്നു സൗദി അധികൃതർ അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സൗദിക്കകത്തുള്ള ചിലരുടെ ഇഖാമകൾ പുതുക്കൽ ആരംഭിച്ച് കഴിഞ്ഞിരുന്നു. ഇന്ന് സൗദിയിൽ നിന്ന് അവധിയിൽ പോയ ചില പ്രവാസി സുഹൃത്തുക്കളുടെ ഇഖാമ കാലാവധി പരിശോധിച്ചപ്പോഴും പുതുക്കിയതായി കാണാാൻ സാധിച്ചിട്ടുണ്ട്.

ഇഖാമകൾ പുതുക്കൽ പൂർത്തിയാകുന്നതോടെ കാലാവധി കഴിഞ്ഞ റി-എൻട്രി വിസകളും ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്ന പ്രതീക്ഷയിലാണ് അവധിയിൽ പോയ ആയിരക്കണക്കിന് സൗദി പ്രവാസികൾ. അതേ സമയം ഗാർഹിക തൊഴിലാളികളുടെയും ഫാമിലി വിസയിലുള്ളവരുടെയും റി-എൻട്രി വിസകൾ അബ്ഷിർ വഴി പുതുക്കി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp