വിമാന യാത്രക്കാര്‍ക്കായി പുതിയ​ ആപ്ലിക്കേഷനുമായി കുവൈറ്റ്‌ വ്യോമയാന വകുപ്പ്; ആപ്ലിക്കേഷനില്‍ രജിസ്​റ്റര്‍ ചെയ്യല്‍ നിര്‍ബന്ധം

by Travel | 27-07-2020 | 987 views

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ആദ്യം മുതല്‍ കുവൈത്ത്​ വിമാനത്താവളത്തില്‍ കമേഴ്​സ്യല്‍ വിമാന സര്‍വിസ്​ ആരംഭിക്കാനിരിക്കെ യാത്രക്കാര്‍ക്കായി വ്യോമയാന വകുപ്പ് പുതിയ​ ആപ്ലിക്കേഷന്‍ പുറത്തിറക്കി.​ കുവൈത്തില്‍ നിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനില്‍ രജിസ്​റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്​.

മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യാം​. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​. കുവൈത്തില്‍ നിന്ന്​ പോകുന്നവരും വരുന്നവരും രജിസ്​റ്റര്‍ ചെയ്യണം​. നാഷണല്‍ ഏവിയേഷന്‍ സര്‍വിസസ്​ വികസിപ്പിച്ച ആപ്ലിക്കേഷനില്‍ വ്യോമയാന വകുപ്പ്​, ജനറല്‍ അഡ്​മിനിസ്​ട്രേഷന്‍, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്​. യാത്രക്കാര്‍ക്ക്​ നിര്‍ദേശങ്ങള്‍ നല്‍കാനും സൗകര്യങ്ങള്‍ ഒരുക്കാനും ആപ്പില്‍ സംവിധാനമുണ്ട്​. അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്പ്​ സഹായിക്കും.

അറ്റ്​ ഹോം സര്‍വിസ്​, അറ്റ്​ എയര്‍പോര്‍ട്ട്​ സര്‍വിസ്​, ഡി.ജി.സി.എ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിങ്ങനെ മൂന്ന്​ ഭാഗങ്ങളാണുള്ളത്​. അറ്റ്​ ഹോം സര്‍വിസില്‍ ആരോഗ്യനില രേഖപ്പെടുത്തല്‍, ചെക്‌-ഇന്‍ ചെയ്യാന്‍ എത്തുന്ന സമയം ബുക്ക്​ ചെയ്യല്‍, ഡിജിറ്റല്‍ ബോര്‍ഡിങ്​ പാസ്​, മാസ്​കും കൈയുറയും ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം, ലോഞ്ച്​ ഉള്‍പ്പെടെ പ്രീമിയം സര്‍വിസുകള്‍ ബുക്ക്​ ചെയ്യല്‍ എന്നിവയാണുള്ളത്​. വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള കാര്യങ്ങള്‍ക്കാണ്​ അറ്റ്​ എയര്‍പോര്‍ട്ട്​ സര്‍വിസ്​. ചെക്​ഇന്‍ കൗണ്ടറിലേക്ക്​ കടക്കാന്‍ ചെക്​-ഇന്‍ റിസര്‍വേഷന്‍ ക്യൂ ആര്‍ കോഡ്​ കാണിക്കണം. ബോര്‍ഡിങ്​ നോട്ടിഫിക്കേഷന്‍ ആപ്പിലൂടെ ലഭിക്കും. ബാഗേജ്​ സ്​റ്റാറ്റസ്​ അറിയാനും ബാഗേജ്​ ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്​നം നേരിട്ടാല്‍ ആപ്​ വഴി അധികൃതരെ അറിയിക്കാനും എമര്‍ജന്‍സി കാള്‍ നടത്താനും കഴിയും.

വിമാനയാത്രക്കാര്‍ക്കുള്ള കുവൈത്ത്​ വ്യോമയാന മന്ത്രാലയത്തി​ന്‍റെ മാര്‍ഗനിര്‍ദേശങ്ങളാണ്​ മൂന്നാം ഭാഗത്തിലുള്ളത്​. വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയം കുറയ്ക്കാനും തിരക്ക്​ ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയുന്നു. ജൂലൈ 28 മുതല്‍ രജിസ്​ട്രേഷന്‍ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക്​ വരുന്നവര്‍ യാത്രയ്ക്ക്​ മുമ്പുള്ള നാല്​ ദിവസത്തിനുള്ളില്‍ പി.സി.ആര്‍ പരിശോധന ഫലം ആപ്ലിക്കേഷനില്‍ രജിസ്​റ്റര്‍ ചെയ്യണം.

Lets socialize : Share via Whatsapp