ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച്‌ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍

by Dubai | 26-07-2020 | 759 views

ദുബായ്: എന്‍‌എം‌സി ഹെല്‍ത്ത് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച്‌ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്സി) കോടതിയുടെ ഉത്തരവ്. ഡച്ച്‌ വായ്പക്കാരനായ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ബ്രാഞ്ചിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ദുബായ് കോടതിയുടെ തീരുമാനം.

എന്‍‌എം‌സി, ബി‌ആര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ 2013 ല്‍ 8.4 മില്യണ്‍ ഡോളര്‍ (31 മില്യണ്‍ ദിര്‍ഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കേസ് ഫയല്‍ ചെയ്തിരുന്നു. 2013 ല്‍ തയ്യാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ പരാതി.

വായ്പാ കരാര്‍ ബി ആര്‍ ഷെട്ടി തന്നെ ഒപ്പിട്ട രണ്ട് ചെക്കുകളുടെ ഉറപ്പിന്മേലാണ് നല്‍കിയിരുന്നതെന്നാണ് ബാങ്കിന്റെ അവകാശവാദം. ഇതില്‍ ഒരെണ്ണം ബി.ആര്‍ ഷെട്ടിയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും മറ്റൊന്ന് എന്‍എംസി ട്രേഡിങിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്നതുമാണ്. എന്നാല്‍ ആവശ്യമായ പണം ഈ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ബാങ്ക് പരാതിയുമായി രംഗത്തെത്തിയത്.

വായ്പ നല്‍കിയയാളുടെ അനുമതിയില്ലാതെ 8.4 മില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ആസ്തികള്‍ വില്‍ക്കരുതെന്ന് മുന്‍ എന്‍‌എം‌സി ചെയര്‍മാനോട് ദുബായ് കോടതി ഉത്തരവിട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കടമോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഇല്ലാത്ത മറ്റ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് ബി ആര്‍ ഷെട്ടി വാദിച്ചു.

യു‌.എ.ഇ-യിലെ ആസ്തികള്‍ എന്‍‌.എം‌.സി ഹെല്‍ത്ത്, ബി.‌ആര്‍.‌എസ് ഇന്‍‌വെസ്റ്റ്മെന്‍റ് ഹോള്‍‌ഡിംഗ്സ്, ഫിനാബ്ലര്‍ എന്നിവയിലെ ആസ്ഥികളാണ് മരവിപ്പിച്ചത്.

കമ്പനിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് യു.എ.ഇ വിട്ട ഷെട്ടി ഇപ്പോള്‍ ഇന്ത്യയിലാണ് താമസം.

Lets socialize : Share via Whatsapp