ചൊവ്വാ ദൗത്യവുമായി യുഎഇ കുതിച്ചുയർന്നു: അറബ് ലോകത്ത് ഇതാദ്യം

by Dubai | 20-07-2020 | 1083 views

ടോക്കിയോ: ബഹിരാകാശ ശാസ്ത്ര പുരോഗതി കെെവരിച്ച രാജ്യങ്ങൾക്കൊപ്പം ഇനി യുണെെറ്റഡ് അറബ് എമിറേറ്റ്സും സ്ഥാനം പിടിക്കും. യു.എ.ഇയുടെ ചൊവ്വാ ദൗത്യം പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നും ലോഞ്ച് വെഹിക്കിൾ കുതിച്ചുയർന്നു. അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെയായിരുന്നു വിക്ഷേപണം. 

വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളില്‍ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് വ്യക്തമാക്കി.

ഹോപ്പ് പ്രോബ് വേർപെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്‌നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയും ചെയ്തു. അറബ് ലോകത്തിൻ്റെ മുന്നേറ്റമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്.

എച്ച്-ടു എ റോക്കറ്റിലായിരുന്നു ഹോപ്പ് പ്രോബിൻ്റെ വിക്ഷേപണം. 1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. 73.5 കോടി ദിര്‍ഹത്തിൻ്റെ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട് യുഎഇ ആവിഷ്കരിച്ചിരിക്കുന്നത്. 135 ഇമറാത്തി എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരുടെ ആറ് വര്‍ഷത്തെ അഭ്വാനത്തിൻ്റെ ഫലം പൂർണ്ണതയിലെത്തിയ ചാരിതാർത്ഥ്യത്തിലാണ് രാജ്യം.

പ്രത്യാശാ എന്ന് അര്‍ഥം വരുന്ന 'അല്‍ അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്ട്രോ മീറ്റര്‍ എന്നിവയാണിത്.

കൂടുതല്‍ വലിയ ലക്ഷ്യത്തിനുള്ള അടിത്തറയാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും യുഎഇ വൃത്തങ്ങള്‍ അറിയിച്ചു.

Lets socialize : Share via Whatsapp