ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍: കിക്കോഫ്‌ 2022 നവംബര്‍ 21ന്‌, ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതം

by Sports | 16-07-2020 | 1358 views

ദോഹ: ലോകകപ്പ് ആരാധകര്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം നാല് ഗെയിമുകള്‍ ഒരു ദിവസം ടെലിവിഷനില്‍ കാണാന്‍ കഴിയും. 2022-ലെ ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ബുധനാഴ്ച ഫിഫ പുറത്തിറക്കിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും. വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

ദോഹയിലും പരിസരങ്ങളിലുമുള്ള വേദികള്‍ തമ്മില്‍ താരതമ്യേന കുറഞ്ഞ യാത്രാ ദൂരം ഉള്ളതിനാല്‍, 32 ടീമുകളുടെ ടൂര്‍ണമെന്റിലേക്ക് പോകുന്ന ആരാധകര്‍ക്ക് ഓരോ ദിവസവും ഒന്നിലധികം ഗെയിമുകളില്‍ പങ്കെടുക്കാന്‍ കഴിയും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്പോള്‍

  • ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക.
  • രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക് (ഇന്ത്യന്‍ സമയം 6.30),
  • മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക് (ഇന്ത്യന്‍ സമയം 9.30ന്),
  • നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കും (ഇന്ത്യന്‍ സമയം 8.30), 10 മണിക്കും (ഇന്ത്യന്‍ സമയം 12.30) ആയിരിക്കും നടക്കുക. സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10 (ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആരംഭിക്കും. ഫൈനലും ലൂസേഴ്‌സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക് (ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

2022 നവംബര്‍ 21ന് 60,000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18-ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

ലോകകപ്പ്‌ ഫൈനല്‍ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ അവസാനിക്കുന്ന 2022 മാര്‍ച്ചിലേ ഖത്തറില്‍ പങ്കെടുക്കുന്ന ടീമുകളുടെ അന്തിമചിത്രം വ്യക്‌തമാവൂ. മാര്‍ച്ചിനു ശേഷമാവും ടീമുകളുടെ ഗ്രൂപ്പ്‌ നറുക്കെടുപ്പ്‌.

www.FIFA.com/tickets എന്ന വെബ്‌സൈറ്റിലൂടെ ആവും ടിക്കറ്റ്‌ വില്‍പന. മത്സരങ്ങളുടെ അന്തിമക്രമം, ടിക്കറ്റ്‌ നിരക്ക്‌ തുടങ്ങിയവ ഫിഫ പിന്നീട് പുറത്തുവിടും. ആകെ എട്ട്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ ഖത്തറില്‍ ലോകകപ്പ്‌ മത്സരങ്ങള്‍ നടക്കുക. ഉദ്‌ഘാടന വേദിയായ അല്‍ ബായ്‌ത്‌ സ്‌റ്റേഡിയത്തിന്‌ ഗള്‍ഫിലെ പരമ്പരാഗത തമ്പുകളുടെ രൂപഘടനയാണ്‌.

5 ഗ്രൂപ്‌ മത്‌സരങ്ങളും 3 നോക്കൗട്ട്‌ മത്സരങ്ങളും ഇവിടെ നടക്കും. കണ്ടെയ്‌നറുകളാല്‍ നിര്‍മിക്കുന്ന റാസ്‌ അബു അബൗദ്‌ സ്‌റ്റേഡിയത്തില്‍ ആറു ഗ്രൂപ്‌ മത്സരങ്ങളും ഒരു നോക്കൗട്ട്‌ മത്സരവും ഉണ്ടാവും. എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ആറു ഗ്രൂപ്‌ മത്സരങ്ങളും രണ്ടു നോക്കൗട്ട്‌ മത്സരവും ഉണ്ടാവും. അല്‍ തുമാമ, അല്‍ വക്ര എന്നിവിടങ്ങളിലാണ്‌ മറ്റു രണ്ടു സ്‌റ്റേഡിയങ്ങള്‍.

Lets socialize : Share via Whatsapp